സ്‌പെയിനില്‍ ലെയോ പാപ്പയ്ക്ക് രാജകീയ വരവേല്‍പ്പ്
മാഡ്രിഡ്: ലെയോ പാപ്പയുടെ അഞ്ചു ദിവസം നീളുന്ന സ്പെയിന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന് തുടക്കമായി. ഇന്നലെ റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിൽ എത്തിച്ചേർന്ന പാപ്പ, അവിടെനിന്ന് പ്രാദേശിക സമയം രാവിലെ 8.10നു യാത്രയാരംഭിച്ച് രണ്ടു മണിക്കൂറുകൾ കൊണ്ട് താണ്ടി സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ എത്തിച്ചേർന്നു. വിമാനത്തിൽവെച്ച്, മാധ്യമപ്രവർത്തകരെയും, തന്നോടൊപ്പം യാത്ര ചെയ്യുന്നവരെയും പാപ്പ അഭിവാദ്യം ചെയ്തു. ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെയാണ്, പാപ്പ സഞ്ചരിച്ച ഇറ്റലിയുടെ ഇറ്റാ എയർവെയ്‌സ് യാത്ര ചെയ്തത്. യാത്രയിൽ താൻ കടന്നുപോകുന്ന രാജ്യങ്ങളുടെ തലവന്മാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് പാപ്പ സന്ദേശങ്ങളയച്ചിരുന്നു.
മാഡ്രിഡ് അഡോൾഫോ സുവാരസ് ബരാഹാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന, പാപ്പയെ, അപ്പസ്തോലിക ന്യൂൺഷ്യോയും, രാജ്യത്തെ പ്രോട്ടോക്കോൾ മേധാവിയും വിമാനത്തിൽ കയറി അഭിവാദ്യം ചെയ്‌തു. തുടർന്ന് വിമാനത്തിൽനിന്ന് ഇറങ്ങിയ പാപ്പയെ സ്‌പെയിൻ രാജാവ് ഫിലിപ്പ് ആറാമനും, രാജ്ഞി ലെത്തീത്സിയയും ചേർന്ന് സ്വീകരിച്ചു. പാരമ്പര്യവേഷം ധരിച്ച രണ്ടു കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ സമ്മാനിച്ചു. തുടർന്ന് പാപ്പായ്ക്ക് സൈനിക ബഹുമതിയും വരവേല്‍പ്പും നല്‍കി. ഇതിന് പിന്നാലെ മാഡ്രിഡിലെ രാജ കൊട്ടാരത്തിലേക്ക് പാപ്പാ യാത്രയായി.
മാഡ്രിഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന സ്‌പെയിനിലെ ഏറ്റവും വലിയ രാജകൊട്ടാരവും രാജ്യത്തിന്റെ പ്രധാന ചരിത്രസ്മാരകങ്ങളിലൊന്നുമാണിത്. ഇന്ന് സ്പാനിഷ് രാജകുടുംബം ഇവിടെ താമസിക്കുന്നില്ലെങ്കിലും ഔദ്യോഗിക ചടങ്ങുകൾക്കായി കൊട്ടാരം ഉപയോഗിക്കുന്നു. കൊട്ടാരത്തിൽ എത്തിച്ചേർന്ന പാപ്പായെ, രാജാവ്, ഫിലിപ്പ് ആറാമനും, രാജ്ഞി ലെത്തീത്സിയയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് വീണ്ടും സൈനിക ബഹുമതി നല്‍കി.
പാപ്പായെ ഔദ്യോഗികമായി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ആചാര വെടി മുഴക്കുകയും, ദേശീയ ഗാനം ആലപിച്ചുകൊണ്ട്, പതാക വണക്കം നടത്തുകയും ചെയ്തു. തുടർന്ന് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള പ്രതിനിധികൾ പരസ്പരം, പരിചയപ്പെടുത്തി. പാപ്പയും രാജാവും, ഉപചാരസന്ദർശനത്തിനായി ഹാളിൽ പ്രവേശിക്കുകയും, സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും, പരസ്പരം സമ്മാനങ്ങൾ കൈമാറുകയും, ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. രാജ്യത്തെ ഔദ്യോഗിക നേതൃത്വവും, പൊതുസമൂഹവും, വ്യവസായികളും, സ്പെയിനിലേക്കുള്ള നയതന്ത്രജ്ഞരും ഉൾക്കൊള്ളുന്ന സമൂഹവുമായുള്ള കൂടിക്കാഴ്ചയും നടന്നു. പാപ്പായുടെ സന്ദർശനത്തിൽ സ്‌പെയിൻ ജനതയുടെ സന്തോഷം ഫിലിപ്പ് ആറാമൻ രാജാവു പ്രകടിപ്പിച്ചു.
പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനം ജൂൺ 12 വരെ നീളും. ജൂൺ 9 ചൊവ്വാഴ്ച വരെ തീയതികളിൽ തലസ്ഥാനനഗരിയായ മാഡ്രിഡിലായിരിക്കും ചിലവഴിക്കുക. ചൊവ്വാഴ്ച മാഡ്രിഡിൽനിന്ന് സ്പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശത്തുള്ള ബാർസിലോണയിലേക്ക് പോകുന്ന പാപ്പ മോണ്ട്സെറാറ്റും സന്ദർശിക്കും. ജൂൺ 11 തിങ്കളാഴ്ച വരെ പരിശുദ്ധ പിതാവ് ബാർസിലോണയിലുണ്ടാകും. ജൂൺ 11 തിങ്കളാഴ്ച രാവിലെ കനേറി ദ്വീപുകളിലെ ഒന്നായ ഗ്രാൻ കനേറിയയിലേക്ക് യാത്രയാകും. തുടർന്ന് ജൂൺ 12 വെള്ളിയാഴ്ച തെനെറീഫ് ദ്വീപിലെത്തുന്ന പാപ്പ, തുടർന്ന്, വൈകുന്നേരം മൂന്നുമണിയോടെ അവിടെനിന്ന് തിരികെ റോമിലേക്ക് മടങ്ങും