ലിയോ പാപ്പായ്ക്ക് ലിബര്‍ട്ടി പുരസ്‌കാരം

 
leo 14

വത്തിക്കാന്‍സിറ്റി: അമേരിക്ക സ്ഥാപിതമായതിന്റെ 250-ാം വാര്‍ഷിക തലേന്ന് ജൂലൈ 3 ന് ഫിലാഡല്‍ഫിയയിലെ 'ഇന്‍ഡിപെന്‍ഡന്‍സ് മാളിന്' പുറത്ത് നടക്കുന്ന പൊതു ചടങ്ങില്‍ ദേശീയ ഭരണഘടനാ കേന്ദ്രം  38-ാമത് ലിബര്‍ട്ടി പുരസ്‌കാരം ലിയോ പതിനാലാമന്‍ പാപ്പായ്ക്ക് സമ്മാനിക്കും.ലോകമെമ്പാടും, മതസ്വാതന്ത്ര്യം, മനസ്സാക്ഷി, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ പാപ്പാ നടത്തിയ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ടാണ് ഈ അവാര്‍ഡ് സമ്മാനിക്കുന്നത്.


അവാര്‍ഡ് സ്വീകരിക്കുന്നതില്‍ പാപ്പാ  കൃതജ്ഞതയര്‍പ്പിക്കുന്നുവെന്നു വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തേയോ ബ്രൂണി അറിയിച്ചു.  അന്നേദിവസം, അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പാപ്പാ തത്സമയം ഒരു പ്രസംഗം നടത്തും.

മതാന്തര, എക്യുമെനിക്കല്‍ സംഭാഷണങ്ങളോടുള്ള പാപ്പായുടെ പ്രതിബദ്ധതയെ ദേശീയ ഭരണഘടനാ കേന്ദ്രത്തിന്റെ പത്രക്കുറിപ്പ് എടുത്തു പറയുന്നു. 

മതസ്വാതന്ത്ര്യത്തെ ഒരു അമൂര്‍ത്ത അവകാശമായിട്ടല്ല, മറിച്ച് മാനുഷിക അന്തസ്സിന്റെ മൂര്‍ത്തമായ പ്രകടനവും, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളും സംഘര്‍ഷത്താല്‍ ബാധിക്കപ്പെട്ടവരും ഉള്‍പ്പെടെയുള്ള തഴയപ്പെട്ട  സമൂഹങ്ങള്‍ക്ക് വേണ്ടിയുള്ള  വിശാലമായ ഒരു ധാര്‍മ്മിക വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ് പാപ്പായുടെ പ്രവര്‍ത്തനങ്ങളെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് ഭരണഘടനയുടെ ദ്വിശതാബ്ദിയുടെ സ്മരണയ്ക്കായി 1988-ലാണ് ലിബര്‍ട്ടി പുരസ്‌കാരം  സ്ഥാപിതമായത്. വര്‍ഷം തോറും നല്‍കുന്ന ഈ പുരസ്‌കാരം, ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ഉറപ്പ് നല്‍കുവാന്‍ പ്രതിജ്ഞാബദ്ധരായ ധീരരും ദൃഢനിശ്ചയമുള്ളവരുമായ വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നു.
 

Tags

Share this story

From Around the Web