ഉക്രൈൻ ജനതയ്ക്ക് തന്റെ സാമീപ്യം ഉറപ്പുനൽകി ലിയോ പാപ്പാ

 
LEO PAPA 123

വത്തിക്കാന്‍സിറ്റി്: വലിയ ആഴ്ചയുടെ കൂടി പശ്ചാത്തലത്തില്‍ ലിയോ പതിനാലാമന്‍ പാപ്പായും ഉക്രൈന്‍ പ്രസിഡന്റ് വോളോദിമീര്‍ സെലെന്‍സ്‌കിയുമായി ടെലിഫോണ്‍ സംഭാഷണം നടന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. 

ഏപ്രില്‍ 3 ദുഃഖവെള്ളിയാഴ്ച രാവിലെയാണ് ഇരുനേതൃത്വങ്ങളും തമ്മില്‍ സംസാരിച്ചത്.

റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി രാജ്യത്തെ സാധാരണജനം കടുത്ത ദുരിതം നേരിടുന്ന സാഹചര്യത്തില്‍, പരിശുദ്ധ പിതാവ് അവിടുത്തെ ജനത്തിന് തന്റെ സാമീപ്യം ഉറപ്പുനല്‍കി. 

രാജ്യത്തെ മാനവികസ്ഥിതിയുമായി ബന്ധപ്പെട്ട് സംസാരിക്കവെ, സംഘര്‍ഷങ്ങള്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകള്‍ക്ക് ആവശ്യമായ സഹായമെത്തിക്കുന്നത് സംബന്ധിച്ച് ഇരു നേതൃത്വങ്ങളും സംസാരിച്ചു.

തടവുകാരെ വിട്ടയയ്ക്കുന്നത് കൂടുതല്‍ ത്വരിതഗതിയിലാക്കുന്നത് സംബന്ധിച്ച വിഷയവും പരിശുദ്ധ പിതാവും ഉക്രൈന്‍ പ്രസിഡന്റും തമ്മിലുള്ള സംഭാഷണത്തില്‍ ഇടം പിടിച്ചു.

അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയോടും ശ്രമങ്ങളോടും കൂടി, ശത്രുതകള്‍ അവസാനിപ്പിക്കാനും, നീതിപൂര്‍ണ്ണവും നിലനില്‍ക്കുന്നതുമായ സമാധാനം ഉറപ്പാക്കാനും സാധിക്കട്ടെയെന്ന ആശംസകളും ഇരു നേതൃത്വങ്ങളും കൈമാറി.

ദീര്‍ഘനാളുകളായി തുടരുന്ന റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനും, സാധാരണജനത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും, യൂറോപ്പില്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും സമാധാനം തിരികെ കൊണ്ടുവരാനും പരിശുദ്ധ പിതാവ് നിരവധി അവസരങ്ങളില്‍ ആഹ്വാനം ചെയ്തിരുന്നു. 

കഴിഞ്ഞ മെയ് മാസത്തില്‍ വത്തിക്കാനിലെത്തിയ ഉക്രൈന്‍ പ്രസിഡന്റിന് പരിശുദ്ധ പിതാവ് കൂടിക്കാഴ്ച അനുവദിച്ചിരുന്നു.

ഇസ്രായേല്‍ പ്രസിഡന്റ് ഹെര്‍സോഗുമായും ലിയോ പതിനാലാമന്‍ പാപ്പാ ഏപ്രില്‍ മൂന്നാം തീയതി സംസാരിച്ചുവെന്ന് പ്രെസ് ഓഫീസ് അറിയിച്ചിരുന്നു.

Tags

Share this story

From Around the Web