ഭൂകമ്പബാധിതരായ കൊളംബിയന്‍ ജനതയ്ക്ക് പ്രാര്‍ത്ഥന അറിയിച്ച് ലെയോ പാപ്പ
ബൊഗോട്ട: കൊളംബിയയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ വേദന അനുഭവിക്കുന്ന കൊളംബിയന്‍ ജനതയ്ക്ക് തന്റെ പ്രാര്‍ത്ഥനകളും സാമീപ്യവും വാഗ്ദാനം ചെയ്തുകൊണ്ട് ലെയോ പതിനാലാമന്‍ പാപ്പ.
കത്തോലിക്ക സഭയുടെ വിവിധ രൂപതകളും, കാരിത്താസ് സംഘടനയും, ഏതു ആവശ്യങ്ങള്‍ക്കുമായി മുന്‍നിരയില്‍ നിലകൊള്ളുന്നുണ്ട്.
പാപ്പയുടെ ടെലിഗ്രാം സന്ദേശം, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി കൊളംബിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ്‌കോ ഹവിയര്‍ മുന്നേറ കൊറെയയ്ക്കാണ് അയച്ചത്.
മരണമടഞ്ഞവരുടെ നിത്യവിശ്രമത്തിനായും, ദുരിതമനുഭവിക്കുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായും, പാപ്പ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നുവെന്നു സന്ദേശത്തില്‍ എടുത്തു പറയുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ നഷ്ടത്തില്‍ ദുഃഖിക്കുന്ന ബന്ധുക്കള്‍ക്ക് പാപ്പ അനുശോചനവും അറിയിച്ചു.
എല്ലാവര്‍ക്കും തന്റെ ആത്മീയ സാമീപ്യം ഉറപ്പുനല്‍കുകയും, വിഷമസന്ധിയില്‍ വിവിധ സേവനങ്ങളില്‍ അര്‍പ്പണബോധത്തോടെ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പാപ്പ നന്ദി അറിയിക്കുകയും ചെയ്തു. പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ സഹായം തേടിക്കൊണ്ടാണ് പാപ്പയുടെ കത്ത് അവസാനിക്കുന്നത്.
അതേസമയം കൊളംബിയയിലെ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു ജീവനെങ്കിലും രക്ഷിക്കാനായി രക്ഷാപ്രവര്‍ത്തകര്‍ പരിശ്രമിക്കുകയാണ്.
കുറഞ്ഞത് 250 പേരെങ്കിലും മരിച്ചതായി കണക്കാക്കപ്പെടുന്ന ദുരന്തത്തില്‍ 2,700ലധികം പേരെ കാണാനില്ലെന്നാണ് വിവരം. ഇക്കഴിഞ്ഞ പത്താം തീയതിയാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പമുണ്ടായത്.