ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ ഗാസാ നിവാസികള്‍ക്ക് അനുഗ്രഹമായി ലിയോ പാപ്പായുടെ സ്വരം

വത്തിക്കാന്‍: ലിയോ പാപ്പാ തങ്ങളെ ഫോണില്‍ വിളിച്ചുവെന്നും, കടുത്ത ആക്രമണങ്ങള്‍ മൂലം ദുരിതകരമായ അവസ്ഥയില്‍ തുടരുന്ന തങ്ങള്‍ക്കത് അനുഗ്രഹമായി അനുഭവപ്പെട്ടെന്നും ഗാസാ സിറ്റിയിലുള്ള തിരുഹൃദയദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേല്‍ റൊമനെല്ലി.
ഗാസാ സിറ്റിയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചെങ്കിലും, പ്രദേശത്തുള്ള ഭൂരിഭാഗം പേര്‍ക്കും അവിടം വിട്ടുപോകാനുള്ള താത്പര്യമില്ലെന്ന് വത്തിക്കാന്‍ മീഡിയയോട് അര്‍ജന്റീനക്കാരന്‍ കൂടിയായ ഫാ. റൊമനെല്ലി പറഞ്ഞു.
വയോധികരും രോഗികളും കുട്ടികളുമുള്‍പ്പെടെ നാനൂറ്റന്‍പതോളം അഭയാര്‍ത്ഥികളാണ് തങ്ങള്‍ക്കൊപ്പം ഇടവകയിലുള്ളതെന്ന് ഫാ. റൊമനെല്ലി അറിയിച്ചു. ഗാസാ മുനമ്പിലെ ദുരിതാവസ്ഥയിലും തങ്ങള്‍ സുഖമായിരിക്കുന്നുവെന്ന് വത്തിക്കാന്‍ മീഡിയയ്ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച കസ്‌തേല്‍ ഗാന്തോള്‍ഫോയില്‍നിന്ന് വത്തിക്കാനിലേക്ക് തിരികെ പോരുന്നതിന് മുന്‍പായി പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ, ഫാ. റൊമനെല്ലിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും, അവര്‍ സുഖമായിരിക്കുന്നുവെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും, എന്നാല്‍ പട്ടാളനടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഗാസാ സിറ്റിയില്‍നിന്നും എല്ലാവരോടും ഒഴിഞ്ഞുമാറാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ ഉത്തരവിന് ശേഷം, കാര്യങ്ങള്‍ എപ്രകാരമാണെന്നതിനെപ്പറ്റി തനിക്ക് ഉറപ്പില്ലെന്നും ലിയോ പാപ്പാ പറഞ്ഞിരുന്നു.
പാപ്പാ തങ്ങളെ വിളിച്ചപ്പോള്‍ തങ്ങള്‍ ദേവാലയത്തില്‍ വിശുദ്ധ ബലിയര്‍പ്പണത്തിലായിരുന്നതുകൊണ്ടാണ് ഫോണ്‍ എടുക്കാന്‍ സാധിക്കാതിരുന്നതെന്നും, എന്നാല്‍ പിന്നീട് പാപ്പായുമായി തങ്ങള്‍ക്ക് സംസാരിക്കാന്‍ സാധിച്ചുവെന്നും, പാപ്പാ തങ്ങള്‍ക്കുവേണ്ടിയും സമാധാനത്തിനുവേണ്ടിയും പ്രാര്‍ത്ഥിച്ചുവെന്നും ആശീര്‍വാദം നല്‍കിയെന്നും ഫാ. റൊമനെല്ലി വ്യക്തമാക്കി.
മദ്ധ്യപൂര്‍വ്വദേശങ്ങളിലെ സ്ഥിതിഗതികള്‍ കീഴ്‌മേല്‍ മറഞ്ഞ അവസ്ഥയിലാണെന്ന് അഭിപ്രായപ്പെട്ട ഫാ. റൊമനെല്ലി, സമാധാനത്തിനായി തുടര്‍ന്നും പ്രാര്‍ത്ഥിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിച്ചു. ഗാസായില്‍ സംഘര്‍ഷങ്ങളും ആക്രമണങ്ങളും തുടരുന്നതിനിടെയും തങ്ങളുടെ ഇടവകയില്‍ അടുത്തിടെ ഒരു വിവാഹം നടന്നുവെന്നും, പ്രദേശത്ത് താമസിക്കുന്ന ഒരു അഭയാര്‍ത്ഥികുടുംബത്തില്‍ ഒരു കുട്ടി ജനിച്ചുവെന്നുമുള്ള സന്തോഷവാര്‍ത്തകളും അദ്ദേഹം പങ്കുവച്ചു.