കർദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് ലെയോ പാപ്പ
കർദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററി ലെയോ പതിനാലാമൻ മാർപാപ്പ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ സഭയിൽ പരിശുദ്ധാത്മാവിന്റെ ഇടപെടലുകളെ തിരിച്ചറിയുന്നതിനായി തനിക്ക് പൂർണ്ണ പിന്തുണയും ഉപദേശങ്ങളും നൽകാൻ മാർപാപ്പ കർദിനാൾമാരോട് ആവശ്യപ്പെട്ടു. പോൾ ആറാമൻ ഹാളിൽ ജൂൺ 26 വെള്ളിയാഴ്ച ആരംഭിച്ച കൺസിസ്റ്ററി ഇന്ന് വൈകുന്നേരം വരെ ഉണ്ടാകും.
മാർപാപ്പയോടൊപ്പം ചേർന്ന് സഭയുടെ കാര്യങ്ങളിൽ വിവേചനബുദ്ധിയോടെ തീരുമാനങ്ങളെടുക്കാൻ കൺസിസ്റ്ററി കർദിനാൾമാർക്ക് അവസരമൊരുക്കുന്നു. “എനിക്ക് നിങ്ങളുടെ സ്വാതന്ത്ര്യവും തുറന്ന നിലപാടുകളും വിശ്വസ്തതയും ആവശ്യമുണ്ട്. ആത്മാർത്ഥമായ ഉപദേശങ്ങൾ എപ്പോഴും കൂട്ടായ്മയുടെ അടയാളമാണ്,” കർദിനാൾമാരെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു.
സഭയുടെ സേവനത്തിലും അതിന്റെ ദൗത്യത്തിലും തന്നെ സഹായിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ തുടരാൻ ഇത്തരം ഒത്തുചേരലുകൾ ഉപകരിക്കുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. സഭയിലെ കൂട്ടായ്മ എന്നത് ഒരിക്കൽ മാത്രം നേടിയെടുക്കേണ്ട ഒന്നല്ല, മറിച്ച് പ്രാർത്ഥനയിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും മറ്റുള്ളവരെ ശ്രവിക്കാനുള്ള തയാറെടുപ്പിലൂടെയും ദിവസേന പുതുക്കേണ്ടതാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.
ഈ രണ്ട് ദിവസങ്ങളിലായി കർദിനാൾമാർ ചർച്ച ചെയ്യുന്ന നാല് പ്രധാന വിഷയങ്ങളെക്കുറിച്ച് മാർപ്പാപ്പ വിശദീകരിച്ചു:
സുവിശേഷ പ്രഘോഷണം: സഭ സുവിശേഷം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകസാഹചര്യത്തെക്കുറിച്ച് വിലയിരുത്തുക.
അധികാര സംസ്കാരവും സ്നേഹത്തിന്റെ സംസ്കാരവും: യുദ്ധങ്ങളും വിവിധ തരത്തിലുള്ള ഭിന്നതകളും നേരിടുന്ന ലോകത്തിൽ സഭയുടെ പങ്കിനെക്കുറിച്ചുള്ള ചർച്ച. തന്റെ ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ (Magnifica humanitas) എന്ന ചാക്രികലേഖനം പ്രാദേശിക സഭകളെ മനസ്സിലാക്കാൻ ഉപയോഗിക്കാനും പാപ്പ ആവശ്യപ്പെട്ടു.
മാനവികതയുടെ പൊതുനന്മയ്ക്കുള്ള സഭയുടെ സംഭാവന: പൊതുനന്മ എന്നത് സ്വയം ഉണ്ടാകുന്നതല്ലെന്നും അത് കൂട്ടായ ഉത്തരവാദിത്തത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നും മാർപ്പാപ്പ ഓർമ്മിപ്പിച്ചു.
സിനഡാലിറ്റി (ഒരുമിച്ചുള്ള യാത്ര): സഭയുടെ ആന്തരിക ജീവിതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, കൂടുതൽ വിശ്വസ്തതയോടും സ്വാതന്ത്ര്യത്തോടും കൂടി സുവിശേഷം പ്രഘോഷിക്കാൻ ഇന്നത്തെ സഭകളെ എങ്ങനെ സഹായിക്കാം എന്ന ചോദ്യമാണ് കർദിനാൾമാർക്ക് മുന്നിൽ പാപ്പ വെച്ചത്.
സുവിശേഷ പ്രഘോഷണം എന്നത് സഭയുടെ അനേകം ജോലികളിൽ ഒന്നല്ല, മറിച്ച് അത് സഭയുടെ നിലനിൽപ്പിന്റെ തന്നെ കാരണമാണെന്ന് മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു. “പരിശുദ്ധാത്മാവ് ഇന്ന് സഭയോട് എന്താണ് പറയുന്നതെന്ന് തിരിച്ചറിയാൻ എനിക്ക് നിങ്ങളുടെ ശക്തവും പരസ്യവുമായ പിന്തുണ വേണം,” എന്ന് പറഞ്ഞുകൊണ്ട് മാർപാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചു.