ലെയോ പാപ്പയുടെ സ്പെയിൻ സന്ദർശനത്തിന് തുടക്കമായി; മാഡ്രിഡിൽ ഊഷ്മള സ്വീകരണം

 
Leo papa

ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്പെയിനിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് തുടക്കമായി. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡ്, ബാഴ്സലോണ, കാനറി ദ്വീപുകൾ എന്നിവടങ്ങളിലെ വിവിധ ഔദ്യോഗിക ആത്മീയ പരിപാടികളിൽ പാപ്പ പങ്കെ‌ടുക്കും. ഇന്ന് രാവിലെ റോമിലെ ഫിയുമിചിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഐ.ടി.എ എയർവേസ് വിമാനം പ്രാദേശിക സമയം രാവിലെ 10:12-ഓടെ മാഡ്രിഡ്-ബരാജാസ് വിമാനത്താവളത്തിൽ എത്തിച്ചേർന്നു.

ഔദ്യോഗിക കൂടിക്കാഴ്ചകളും യുവാക്കളുടെ പ്രാർഥനാ സംഗമവും


സ്വീകരണ ചടങ്ങുകൾക്ക് ശേഷം രാജകൊട്ടാരത്തിലെത്തിയ മാർപാപ്പ ഫിലിപ്പ് ആറാമൻ രാജാവുമായും ലെറ്റീഷ്യ രാജ്ഞിയുമായും കൂടിക്കാഴ്ച നടത്തി. തുടർന്ന് സർക്കാർ പ്രതിനിധികൾ, സവിൽ സൊസൈറ്റി ഭാരവാഹികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരെ അദ്ദേഹം അഭിസംബോധന ചെയ്തു സംസാരിക്കും. വൈകുന്നേരം മാഡ്രിഡ് നഗരമധ്യത്തിലെ പ്ലാസ ഡി ലിമയിൽ നടക്കുന്ന യുവജനങ്ങളുടെ ജാഗരണ പ്രാർഥനയ്ക്ക് പരിശുദ്ധ പിതാവ് നേതൃത്വം നൽകും.

ജൂൺ 7 ഞായറാഴ്ച: പ്ലാസ ഡി സിബെലെസിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും തുടർന്ന് നടക്കുന്ന പ്രദക്ഷിണത്തിനും മാർപാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് സാംസ്കാരിക, ബിസിനസ്സ്, കായിക രംഗത്തെ പ്രമുഖരുമായി പാപ്പ കൂടിക്കാഴ്ച നടത്തും.

ജൂൺ എട്ട് തിങ്കളാഴ്ച: സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായും പാർലമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച. വൈകുന്നേരം ബെർണബ്യൂ സ്റ്റേഡിയത്തിൽ നടക്കുന്ന രൂപതാ സംഗമത്തിൽ പങ്കെടുക്കും.

ജൂൺ 9, 10 – ബാഴ്സലോണ: ബാഴ്സലോണയിലെത്തുന്ന മാർപാപ്പ ഒളിമ്പിക് സ്റ്റേഡിയത്തിലെ പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുക്കും. ജൂൺ പത്തിന് ജയിൽ സന്ദർശനം, മോണ്ട്സെറാറ്റ് ആബിയിലെ പ്രാർഥന എന്നിവയ്ക്ക് ശേഷം പ്രശസ്തമായ സാഗ്രദ ഫാമിലിയ ബസിലിക്ക സന്ദർശിക്കും. അന്തരിച്ച പ്രശസ്ത ശില്പി അന്തോണി ഗൗഡിയുടെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് ബസിലിക്കയിലെ ഏറ്റവും ഉയരമുള്ള ‘ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്’ മാർപാപ്പ ആശീർവദിക്കും.

ജൂൺ 11, 12 – കാനറി ദ്വീപുകൾ: യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രധാന പ്രവേശന കവാടമായ കാനറി ദ്വീപുകളിൽ എത്തുന്ന മാർപാപ്പ അവിടെ വിശുദ്ധ കുർബാന അർപ്പിക്കുകയും കുടിയേറ്റക്കാരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ജൂൺ 12 വെള്ളിയാഴ്ച വൈകുന്നേരത്തോടെ പാപ്പ റോമിലേക്ക് മടങ്ങും.

സ്പെയിൻ സന്ദർശനത്തിനിടയിൽ പാപ്പ ലൈംഗിക പീഡനങ്ങൾക്കിരയായവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പ്രാദേശിക സഭയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചിരിക്കുന്നത്. ഇരകളുടെ സ്വകാര്യത മാനിച്ചുകൊണ്ട് കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും വത്തിക്കാൻ വ്യക്തമാക്കി.

Tags

Share this story

From Around the Web