ലെയോ പാപ്പയുടെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം: അറിഞ്ഞിരിക്കേണ്ട ഏഴ് പ്രധാന കാര്യങ്ങള്‍

 
papa leo 132

മുന്‍പ് മിഷനറിയായും ഇടയനായും പ്രവര്‍ത്തിച്ച് ഏറെ പരിചയമുള്ള മണ്ണിലേക്ക് ലെയോ പതിനാലാമന്‍ മാര്‍പാപ്പ തിരിച്ചെത്തുന്നു. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അര്‍ജന്റീനയും ഉറുഗ്വേയും ഒരു മാര്‍പാപ്പയെ സ്വീകരിക്കുന്നത്. പെറുവിലാകട്ടെ, ആ രാജ്യത്തെ പൗരന്‍ കൂടിയായ തങ്ങളുടെ സ്വന്തം മാര്‍പാപ്പയെയാണ് ജനങ്ങള്‍ വരവേല്‍ക്കുന്നത്. ഒരുകാലത്ത് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട ചിക്ലായോയിലെ (ഇവശരഹമ്യീ) കത്തീഡ്രല്‍, മാര്‍പാപ്പയെ സ്വീകരിക്കും. നവംബര്‍ ആറു മുതല്‍ 17 വരെയാണ് പാപ്പയുടെ സന്ദര്‍ശനം.

റോമില്‍ നിന്നുള്ള പുറപ്പെടല്‍ മുതല്‍ തിരികെ എത്തുന്നത് വരെയുള്ള 12 ദിവസത്തെ ഈ യാത്ര, ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഇതുവരെയുള്ള ഭരണകാലയളവിലെ ഏറ്റവും ദൈര്‍ഘ്യമേറിയതാണ്. 2026 ഏപ്രിലില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ (അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഗിനിയ) നടത്തിയ 11 ദിവസത്തെ പര്യടനത്തെക്കാള്‍ ദൈര്‍ഘ്യമേറിയതാണ് ഈ യാത്ര.

ഒരു മിഷനറിയായും ബിഷപ്പായും വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച പെറുവിലേക്ക് എത്തുമ്പോള്‍ അത് പാപ്പയ്ക്ക് 'സ്വന്തം വീട്ടിലേക്കുള്ള' മടങ്ങിവരവാണ്. 2015-ല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പെറുവിയന്‍ പൗരത്വം നേടിയിരുന്നു. പാപ്പയുടെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയില്‍ വിലാസമായി നല്‍കിയിരുന്നത് മുന്‍പ് ശുശ്രൂഷ ചെയ്ത ചിക്ലായോ (ഇവശരഹമ്യീ) നഗരമായിരുന്നു.

2004 ഓഗസ്റ്റ് 28-ന്, തങ്ങളില്‍ ആരെങ്കിലും ഭാവിയില്‍ മാര്‍പാപ്പയാകുമെന്ന് അറിയുന്നതിന് മുന്‍പ്, റോബര്‍ട്ട് പ്രെവോസ്റ്റും അന്നത്തെ ബ്യൂണസ് അയേഴ്‌സ് ആര്‍ച്ച് ബിഷപ്പായിരുന്ന ജോര്‍ജ്ജ് മാരിയോ ബെര്‍ഗോളിയോയും (ഫ്രാന്‍സിസ് മാര്‍പാപ്പ) ഒന്നിച്ച് വിശുദ്ധ അഗസ്റ്റിന്റെ തിരുനാള്‍ ദിനത്തില്‍ ബ്യൂണസ് അയേഴ്‌സിലെ സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ദിവ്യബലി അര്‍പ്പിച്ചിരുന്നു.

39 വര്‍ഷത്തിന് ശേഷമാണ് ഒരു മാര്‍പാപ്പ അര്‍ജന്റീന സന്ദര്‍ശിക്കുന്നത്; ഉറുഗ്വേയിലാകട്ടെ 38 വര്‍ഷത്തിന് ശേഷവും. 1987-ല്‍ അര്‍ജന്റീനയിലും 1988-ല്‍ ഉറുഗ്വേയിലും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പ ഇവിടെയെത്തുന്നത്. 2018-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ച പെറുവിലേക്ക് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ മാര്‍പാപ്പയുടെ വരവ്.


കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ശേഷം അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് ലെയോ പാപ്പ നടത്തുന്ന ആദ്യ അപ്പസ്‌തോലിക യാത്രയാണിത്. മുന്‍പ് പുരോഹിതനായും മെത്രാനായും പ്രവര്‍ത്തിച്ച ഭൂവിഭാഗത്തിലേക്ക് പേപ്പല്‍ പദവിയില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.


2014 ഡിസംബര്‍ 12-ന് ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ട ചിക്ലായോയിലെ സെന്റ് മരിയ കത്തീഡ്രലിലേക്ക് നവംബര്‍ 14-ന് മാര്‍പാപ്പയായി എത്തും. ഇവിടെ നടക്കുന്ന മാതാവിന്റെ തിരുസ്വരൂപ കിരീടധാരണ ചടങ്ങിലും പാപ്പ പങ്കാളിയാകും.

മൂന്ന് രാജ്യങ്ങള്‍, 12 ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ ആകെ ഒന്‍പത് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കും (ഉറുഗ്വേയില്‍ രണ്ട്, അര്‍ജന്റീനയില്‍ മൂന്ന്, പെറൂവില്‍ നാല്). മോണ്ടെവിദിയോ, ബ്യൂണസ് അയേഴ്‌സ്, ലിമ എന്നിവിടങ്ങളില്‍ ജാഗരണ പ്രാര്‍ഥനകളും സന്ദര്‍ശന പരിപാടിയിലുണ്ട്. യാത്രയ്ക്കിടയില്‍ 12 വിമാന യാത്രകളും രണ്ട് ഹെലികോപ്റ്റര്‍ യാത്രകളും പാപ്പ നടത്തും.
 

Tags

Share this story

From Around the Web