ലെയോ പാപ്പയുടെ 'ഫ്രീഡം അണ്ടര്‍ ഗ്രേസ്' എന്ന പുസ്തകം ഇംഗ്ലീഷില്‍ പുറത്തിറങ്ങി

 
LEO PAPA

ലെയോ പതിനാലാമന്‍ മാര്‍പാപ്പ എഴുതിയ 'ഫ്രീഡം അണ്ടര്‍ ഗ്രേസ്: റിഫ്‌ലക്ഷന്‍സ് ഓണ്‍ ദി സ്പിരിച്വല്‍ ട്രഡിഷന്‍ ദാറ്റ് ഫോംഡ് മീ' (Freedom Under Grace: Reflections on the Spiritual Tradition That Formed Me) എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് വിപണിയിലെത്തി. സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച മുതല്‍ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലാണ് പുസ്തകം വില്‍പനയ്ക്കെത്തിയത്.

തന്റെ ആത്മീയകാഴ്ചപ്പാടുകളെയും ലോകവീക്ഷണത്തെയും സ്വാധീനിച്ച വി. അഗസ്റ്റിന്റെ പാരമ്പര്യത്തെക്കുറിച്ചുള്ള മാര്‍പാപ്പയുടെ ചിന്തകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍ സന്ന്യാസ സമൂഹത്തില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പ എന്ന പ്രത്യേകതയ്ക്കു പുറമെ, ഇംഗ്ലീഷ് മാതൃഭാഷയായുള്ള ആദ്യത്തെ അമേരിക്കന്‍ മാര്‍പാപ്പയുടെ പുസ്തകം എന്ന നിലയിലും ഇംഗ്ലീഷ് വായനക്കാര്‍ക്കിടയില്‍ ഇത് ഏറെ ശ്രദ്ധനേടുന്നു.


പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ പത്രക്കുറിപ്പ് അനുസരിച്ച്, റോബര്‍ട്ട് പ്രെവോസ്റ്റ് അഗസ്റ്റീനിയന്‍ സന്ന്യാസ സമൂഹത്തിന്റെ പ്രിയോര്‍ ജനറല്‍ ആയിരുന്ന കാലത്തെ പ്രസംഗങ്ങളും സന്ദേശങ്ങളും വ്യക്തിപരമായ കുറിപ്പുകളുമാണ് ഇതിലുള്ളത്. 9/11 ആക്രമണത്തിനു ശേഷമുള്ള സാഹചര്യങ്ങള്‍, ഉയര്‍ന്നുവരുന്ന രാഷ്ട്രീയ ആശയങ്ങള്‍, ദാരിദ്ര്യം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയോടുള്ള സഭയുടെ പ്രതികരണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് നിരീക്ഷണങ്ങളുള്ളത്.

തന്റെ ആത്മീയപിതാവായി പാപ്പ വിശേഷിപ്പിക്കുന്ന വി. അഗസ്റ്റിന്റെ ചിന്തകളെ അടിസ്ഥാനമാക്കി, സമൂഹത്തിലും സാഹോദര്യത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സേവനത്തിലും ഊന്നിയുള്ള ജീവിതകാഴ്ചപ്പാടാണ് ലെയോ മാര്‍പാപ്പ ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

Tags

Share this story

From Around the Web