ഇടയ്ക്കെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി ദൈവവചനം ധ്യാനിക്കാന്‍ സമയം കണ്ടെത്തണം: ലിയോ പാപ്പ

 
LEO PAPPA


വത്തിക്കാന്‍ സിറ്റി: കുറച്ച് നേരത്തേക്ക് മൊബൈല്‍ ഫോണും ടെലിവിഷനും റേഡിയോയും സ്വീച്ച് ഓഫ് ആക്കി, ഈ നോമ്പുകാലത്ത് നിശബ്ദതയ്ക്ക് ഇടം നല്‍കണമെന്ന്  ലിയോ 14-ാമന്‍ പാപ്പ. 


ദൈവവചനം ധ്യാനിക്കാനും കൂദാശകള്‍ സ്വീകരിക്കാനും ഹൃദയത്തില്‍ നമ്മോട് സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ സ്വരം കേള്‍ക്കാനും  നോമ്പുകാലത്ത്  സമയം വിനിയോഗിക്കണമെന്നും ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ ആഹ്വാനം ചെയ്തു.

കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും സമൂഹത്തിലും മറ്റുള്ളവരെ ശ്രവിക്കാന്‍ സമയം കണ്ടെത്തണമെന്നും ഏകാന്തത അനുഭവിക്കുന്നവര്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും ദരിദ്രര്‍ക്കുമായി സമയം മാറ്റിവയ്ക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.


ഉപരിപപ്ലവമായ ആവശ്യങ്ങള്‍  ഒഴിവാക്കി, അതിലൂടെ ലാഭിക്കുന്ന തുക ആവശ്യമുള്ളവര്‍ക്ക് നല്‍കുന്നതിലൂടെ നോമ്പുകാലം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കാമെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

പ്രാര്‍ത്ഥനയ്ക്കും കാരുണ്യപ്രവൃത്തികള്‍ക്കുമൊപ്പം പ്രായശ്ചിത്തപ്രവൃത്തികളും നോമ്പുകാലത്ത് ഉദാരമായി അനുഷ്ഠിക്കണമെന്ന് പാപ്പ പറഞ്ഞു. 

സമ്പത്ത്, പ്രശസ്തി, അധികാരം തുടങ്ങിയ എളുപ്പത്തില്‍ സംതൃപ്തി ലഭിക്കുന്ന കാര്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള അപകടസാധ്യത എപ്പോഴും നമ്മുടെ മുമ്പിലുണ്ട്. യേശുവും ഇതേ പ്രലോഭനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ നാം എന്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നവോ, ആ  യഥാര്‍ത്ഥ സന്തോഷത്തോട് തുലനം ചെയ്യുമ്പോള്‍ ഇവ നിസാരങ്ങളാണ്. 

നമ്മുടെ പരിമിതികളെ തിരിച്ചറിയാനും  അവയെ അതിജീവിക്കാനും ദൈവത്തിന്റെ സഹായത്തോടെ ദൈവത്തോടും മനുഷ്യരോടും കൂടുതല്‍ ആഴമായ കൂട്ടായ്മയില്‍ ജീവിക്കാനും പരിഹാരപ്രവൃത്തികള്‍ സഹായിക്കുമെന്ന് പാപ്പ വ്യക്തമാക്കി.

യേശുവിന്റെ മരുഭൂമിയിലെ പ്രലോഭനങ്ങള്‍ ആസ്പദമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം. നാല്‍പ്പതു ദിവസത്തെ ഉപവാസത്തിന് ശേഷം യേശു നേരിട്ട ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ മനുഷ്യരായ നമ്മള്‍ ഓരോരുത്തരും നിത്യജീവിതത്തില്‍ നേരിടുന്ന പോരാട്ടങ്ങള്‍ക്ക് സമാനമാണെന്ന് പാപ്പ ഓര്‍മിപ്പിച്ചു. പിശാചിനെ ചെറുത്തു നിന്നുകൊണ്ട് എങ്ങനെ തിന്മയുടെ ചതിക്കുഴികളെ അതിജീവിക്കാമെന്ന് ഈശോ പഠിപ്പിക്കുന്നു.

പ്രാര്‍ത്ഥനയിലൂടെയും കാരുണ്യപ്രവൃത്തനങ്ങളിലൂടെയും പ്രായശ്ചിത്തപ്രവൃത്തികളിലൂടെയും ജീവിതത്തെ ഒരു ഉദാത്ത സൃഷ്ടിയായി മെനഞ്ഞെടുക്കാന്‍ ദൈവത്തോടുള്ള കൂട്ടായ്മയില്‍ നമുക്ക് സാധിക്കും. ഇതിന് നമ്മുടെ പാപക്കറകള്‍ കഴുകിക്കളയാനും മുറിവുകള്‍ സൗഖ്യപ്പെടുത്താനും ദൈവത്തെ അനുവദിക്കണം. 

അങ്ങനെ യഥാര്‍ത്ഥ സന്തോഷത്തിന്റെ ഉറവിടമായി സ്നേഹത്തിന്റെ പൂര്‍ണതയിലേക്ക് വളരാന്‍ സാധിക്കുമെന്ന് പാപ്പ വ്യക്തമാക്കി. പ്രലോഭനങ്ങളുടെ സമയത്ത് മക്കളെ എപ്പോഴും അനുധാവനം ചെയ്യുന്ന പരിശുദ്ധ മറിയത്തിന് പാപ്പ  വിശ്വാസികളുടെ നോമ്പുകാലയാത്രയെ ഭരമേല്‍പ്പിച്ചു.

Tags

Share this story

From Around the Web