2027 ലെ ആഗോള യുവജന സംഗമത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഹ്വാനം ചെയ്ത് ലെയോ പാപ്പ
ദക്ഷിണ കൊറിയയിലെ സിയോളില്‍ നടക്കുന്ന ആഗോള യുവജന സംഗമത്തിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയം ശേഷിക്കെ, രജിസ്ട്രേഷന് ഔദ്യോഗികമായി ആരംഭിച്ചു. ഒക്ടോബര്‍ 22 ന് ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ക്കായി അയച്ച വീഡിയോ സന്ദേശത്തില്‍, യുവജന സംഗമത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ യുവജനങ്ങളോടും പാപ്പ ആഹ്വാനം ചെയ്തു.
''പതിനേഴാമത് അന്താരാഷ്ട്ര ആഗോള യുവജന സംഗമമാണിത്. ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ ഒരിടത്ത് ഒത്തുകൂടാനും ഭാഷകളുടെയും സംസ്കാരങ്ങളുടെയും മനോഹരമായ വൈവിധ്യം പ്രകടമാക്കാനും ഇത് വേദിയാകും.
ഒരു പുതിയ നഗരം കാണാന്‍ മാത്രമല്ല, മറിച്ച് വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും പ്രത്യാശയുടെയും തീര്‍ഥാടനത്തിന് ഇറങ്ങിത്തിരിക്കാനുള്ള ക്ഷണമാണിത്.
വ്യത്യസ്ത സ്ഥലങ്ങളിലെ ക്രിസ്തീയകേന്ദ്രങ്ങള് കണ്ടെത്താനും വ്യക്തിപരമായും സഭയ്ക്കുള്ളില്‍ കൂട്ടായും ദൈവത്തെ കൂടുതല്‍ ആഴത്തില്‍ കണ്ടുമുട്ടാനുള്ള സമയവും ഇടവും ഈ തീര്‍ഥാടനം നല്കുന്നു,'' പാപ്പ വ്യക്തമാക്കി.
സിയോളില്‍ എല്ലാവരെയും കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ലെയോ മാര്‍പാപ്പ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്. തുടര്‍ന്ന്, എല്ലാ യുവജനങ്ങള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും പാപ്പ തന്റെ ആശംസകളും പ്രാര്‍ഥനകളും നേര്‍ന്നു.