ലെയോ പാപ്പയുടെ ഫ്രാന്‍സ് സന്ദര്‍ശനം: ജീവകാരുണ്യ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും
പാരീസ് സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിലെ ജീവകാരുണ്യ പ്രവര്‍ത്തകരെയും തെരുവില്‍ കഴിയുന്നവരെയും മാര്‍പാപ്പ നേരിട്ട് കാണും. തെരുവില്‍ കഴിയുന്നവരുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളുമായാണ് പാപ്പ കൂടിക്കാഴ്ച നടത്തുന്നത്. പാവപ്പെട്ടവരോടൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കണമെന്ന മാര്‍പാപ്പയുടെ സന്ദേശമാണ് ഈ സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്.
2025 ല്‍ 'ഓ കാപ്റ്റീവ്‌സ് ലാ ലിബറേഷന്‍' (Aux captifs, la libération) എന്ന സംഘടനയുടെ നേതൃത്വത്തില്‍ എഴുപതിനായിരത്തിലധികം പാവപ്പെട്ട ആളുകളുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ട്. തെരുവില്‍ കഴിയുന്നവര്‍ക്കും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കും സ്‌നേഹവും സമയവും നല്‍കിയാണ് ഇവര്‍ സഹായമെത്തിക്കുന്നത്. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് ഇവരുടെ പ്രധാന ലക്ഷ്യം.
ഇതോടൊപ്പം തെരുവില്‍ ജീവിച്ചിരുന്നവരും സാധാരണക്കാരായ യുവാക്കളും ഒന്നിച്ച് താമസിക്കുന്ന വേറിട്ട രീതിയും പാരീസില്‍ നടപ്പിലാക്കുന്നുണ്ട്. വലിയ വേര്‍തിരിവുകളില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് ഈ കൂട്ടായ്മകള്‍ ചെയ്യുന്നത്. മാര്‍പാപ്പയുടെ ഈ സന്ദര്‍ശനം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഊര്‍ജവും പ്രചോദനവും നല്‍കുമെന്നാണ് ജീവകാരുണ്യ പ്രവര്‍ത്തകര്‍ കരുതുന്നത്.