വിശുദ്ധ കുര്‍ബാനയുടെ ആത്മീയത പ്രാദേശിക സഭകളില്‍ പരിപോഷിപ്പിക്കണം: ഏഷ്യന്‍ മെത്രാന്മാരോട് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി/ ജക്കാര്‍ത്ത: വിശുദ്ധ കുര്‍ബാനയുടെ ആത്മീയത പ്രാദേശിക സഭകളില്‍ പരിപോഷിപ്പിക്കുവാന്‍ ഏഷ്യന്‍ മെത്രാന്മാരോട് ആഹ്വാനവുമായി ലെയോ പാപ്പ. ജക്കാര്‍ത്തയില്‍ ഏഷ്യന്‍ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്റെ പന്ത്രണ്ടാമത് പ്ലീനറി അസംബ്ലിയ്ക്കു നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.
ഏഷ്യയിലെ കത്തോലിക്ക സഭയുടെ നിലവിലെ അവസ്ഥയെയും ഭാവിയെയും ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏവരും ഒത്തുകൂടുമ്പോള്‍, തന്റെ ആത്മീയമായ സാമീപ്യം അറിയിക്കുകയും, പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ ആശംസിച്ചുമാണ് പാപ്പയുടെ സന്ദേശം.
സമ്മേളനത്തിനായി തിരഞ്ഞെടുത്ത പ്രമേയം, യേശു നഥാനിയേലിനോട് പറഞ്ഞ 'നീ ഇതിലും മഹത്തരമായ കാര്യങ്ങള്‍ ദര്‍ശിക്കും', എന്ന വാക്കുകള്‍ പ്രത്യേകം സൂചിപ്പിച്ച പാപ്പ, പീലിപ്പോസിനെയും നഥാനിയേലിനെയും പോലെ തന്നെ അനുഗമിക്കാനും തന്റെ ശിഷ്യരാകാനും വിളിക്കുന്നതിലൂടെ, ദൈവത്തിനും മനുഷ്യരാശിക്കും ഇടയിലുള്ള ഏക മധ്യസ്ഥനായി കര്‍ത്താവ് സ്വയം എടുത്തുകാണിക്കുന്നുവെന്നു ചൂണ്ടിക്കാണിച്ചു.
പ്രാദേശിക സഭകളില്‍ ദിവ്യകാരുണ്യത്തിലൂന്നിയുള്ള ആത്മീയത - അതായത്, ദിവ്യകാരുണ്യത്തിലൂടെ നമ്മുടെ കര്‍ത്താവ് നല്‍കുന്ന ദാനത്തില്‍ നിന്നു ഉത്ഭവിക്കുന്ന സ്നേഹത്തില്‍ അധിഷ്ഠിതമായ, സഭാപരമായ ഐക്യത്തിന്റെ ആത്മീയത തുടര്‍ന്നും പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയാണെന്നും പാപ്പ പറഞ്ഞു.
സഭകള്‍ക്കുള്ളില്‍ ഐക്യത്തിന്റെ ബന്ധങ്ങള്‍ ശക്തിപ്പെടുമ്പോള്‍ വിവിധ രാജ്യങ്ങളില്‍ ദൈവസാന്നിധ്യത്തിന്റെ കൂടുതല്‍ വലിയ അടയാളമായി അവ മാറുകയും ചെയ്യുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു; ഇത് ഏഷ്യയിലുടനീളം ഒരുമിച്ച് പാലങ്ങള്‍ പണിയുന്നവരായിത്തീരാന്‍ സഹായിക്കുമെന്നും പാപ്പ പ്രതീക്ഷ പ്രകടിപ്പിച്ചു.