പ്രതീക്ഷകള്‍ തകിടം മറിയുമ്പോഴും, ദൈവത്തില്‍ ആശ്രയം വയ്ക്കുവാന്‍ സാധിക്കണം: ലെയോ പാപ്പ
റോം: ദൈവത്തിന്റെ വഴികള്‍ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ലായെന്നും പ്രതീക്ഷകള്‍ തകിടം മറിയുമ്പോഴും, ദൈവത്തില്‍ ആശ്രയം കണ്ടെത്താന്‍ സാധിക്കണമെന്നും ലെയോ പാപ്പ. ഓഗസ്റ്റ് മുപ്പതിന് ലെയോ പാപ്പ, കാസ്റ്റല്‍ ഗന്ധോള്‍ഫോയിലെ, ലിബര്‍ട്ടി ചത്വരത്തില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. വിശ്വാസത്തിന്റെ എല്ലാ യുക്തിക്കും വിരുദ്ധമായി, തെറ്റ് പറ്റുന്നത് കര്‍ത്താവിനാണെന്നു ചിന്തിക്കാനുള്ള പ്രലോഭനം ഉണ്ടാകാം; അതിലും മോശമായി, അവിടുന്ന് നമ്മുടെ വാക്കുകള്‍ കേള്‍ക്കുന്നില്ലെന്നും അല്ലെങ്കില്‍ നമ്മെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നും കരുതാനും ഇടയുണ്ട്. ഈ അനിശ്ചിതത്വത്തിന്റെ മുമ്പില്‍, 'ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവിനെ' തിരിച്ചറിഞ്ഞ പത്രോസ് നമ്മെ രണ്ടു കാര്യങ്ങള്‍ പഠിപ്പിക്കുന്നു.
ഒന്നാമതായി, ഇത്തരം നിമിഷങ്ങളിലും കര്‍ത്താവുമായുള്ള സംഭാഷണം ഒരിക്കലും അവസാനിപ്പിക്കരുത്. മറിച്ച്, അവിടുന്ന് നമ്മോടാവശ്യപ്പെടുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ആ ബുദ്ധിമുട്ടുപോലും വിശ്വാസപൂര്‍വ്വം അവിടുത്തോട് തുറന്നു പറയണം. രണ്ടാമതായി, ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളെ ഒരിക്കലും വിധിക്കരുത്. മറിച്ച്, നമ്മുടെ പ്രതീക്ഷകള്‍ക്ക് ഒത്തുപോകാത്തപ്പോഴും, തന്റെ പ്രവര്‍ത്തനത്തിലൂടെ ദൈവം നമ്മോട് വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്താണെന്ന് പ്രാര്‍ത്ഥന വഴിയായി വിനയപൂര്‍വ്വം ശ്രവിക്കാന്‍ നാം തയ്യാറാകണം.
നമ്മുടെ വിശ്വാസജീവിതത്തിലും പ്രാര്‍ത്ഥനയിലും പത്രോസിനുണ്ടായിരുന്ന അതേ ആത്മാര്‍ത്ഥത നമുക്കും നല്‍കണമേ എന്ന് നമുക്ക് കര്‍ത്താവിനോട് അപേക്ഷിക്കാം. നമ്മുടെ ഹൃദയം ആശയക്കുഴപ്പത്തിലായിരിക്കുമ്പോഴും, നാം യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ അനുഭവിക്കുന്നതെന്താണെന്ന് വിനയത്തോടെ അവിടുത്തോട് തുറന്നു പറയാന്‍ കഴിയട്ടെ. അതോടൊപ്പം, നമ്മുടെ പ്രതീക്ഷകള്‍ക്കപ്പുറത്തായാലും, അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നതെല്ലാം സ്വീകരിക്കുന്നതില്‍ പത്രോസിനുണ്ടായിരുന്ന അതേ വിധേയത്വം വളര്‍ത്തിയെടുക്കാനും നമുക്ക് സാധിക്കട്ടെയെന്നും പാപ്പ പറഞ്ഞു.