യുദ്ധത്തിന്റെ മുറിവുണങ്ങാന്‍ നമ്മുടെ ഹൃദയം ദൈവത്തിങ്കലേക്കു തിരിക്കണം: ലെയോ പാപ്പ
വത്തിക്കാന്‍സിറ്റി: യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും മുക്തി നേടാനും ഭൂമിയുടെ നാശം തടയാനും മനുഷ്യന്റെ ആന്തരികമായ മാനസാന്തരവും ദൈവത്തിലേക്കുള്ള തിരിച്ചുപോക്കും അത്യന്താപേക്ഷിതമാണെന്ന് ലെയോ മാര്‍പാപ്പ.
സെപ്റ്റംബര്‍ ഒന്നിന് ആചരിക്കുന്ന 'സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള പതിനൊന്നാമത് ആഗോള പ്രാര്‍ഥനാ ദിനത്തിന്' മുന്നോടിയായി ഓഗസ്റ്റ് 20-ന് പുറപ്പെടുവിച്ച ഔദ്യോഗിക സന്ദേശത്തിലാണ് മാര്‍പാപ്പ ഈ കാര്യം വ്യക്തമാക്കിയത്.
'അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും' എന്ന ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ (2:4) വാക്യമാണ് ഈ വര്‍ഷത്തെ സന്ദേശത്തിന്റെ പ്രമേയമായി മാര്‍പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്.
യുദ്ധങ്ങള്‍ ഉണ്ടാക്കുന്ന മുറിവുകളും പരിസ്ഥിതി നാശവും മനുഷ്യ ഹൃദയത്തിന്റെ അവസ്ഥയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
മനുഷ്യന്റെ ഉള്ളില്‍ കലഹവും വിദ്വേഷവും നിറയുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ പുറമെയുള്ള ബന്ധങ്ങളിലും നമ്മള്‍ കെട്ടിപ്പടുക്കുന്ന സാമൂഹിക വ്യവസ്ഥകളിലും പ്രതിഫലിക്കുന്നു. യുദ്ധം യുദ്ധക്കളങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല.
അത് അനവധി മനുഷ്യ ജീവനുകള്‍ കവരുകയും കുടുംബങ്ങളെ ഭിന്നിപ്പിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ അഭയാര്‍ഥികളാക്കുകയും ചെയ്യുന്നു.
ഇത് സമൂഹത്തില്‍ ഭയവും അസമത്വവും വരുംതലമുറകളിലേക്ക് പടരുന്ന നാശനഷ്ടങ്ങളും ബാക്കി വയ്ക്കുന്നു എന്നും പാപ്പ ഓര്‍മിപ്പിച്ചു.
''വെറുമൊരു ബാഹ്യമാറ്റം കൊണ്ട് മാത്രം യുദ്ധങ്ങള്‍ അവസാനിപ്പിക്കാനോ സമാധാനം കൊണ്ടുവരാനോ കഴിയില്ല.
ഓരോ വ്യക്തിയും ദൈവകൃപയോട് സഹകരിച്ച് മാനസാന്തരപ്പെടണം. നമ്മുടെ ആഗ്രഹങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാനും മുറിവുകള്‍ ഉണക്കാനും ദൈവത്തിലേക്ക് മടങ്ങുക മാത്രമാണ് വഴി''- പാപ്പ വ്യക്തമാക്കി.