കായികരംഗം ജീവിതത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ലെയോ പാപ്പ
സ്‌പെഷ്യല്‍ ഒളിംപിക്‌സ് കായികതാരങ്ങളുടെയും പ്രതിനിധികളുടെയും സംഘവുമായി വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമന്‍ മാര്‍പാപ്പ. കായികരംഗത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ചും പങ്കുവെക്കലിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങളെക്കുറിച്ചും പാപ്പ പ്രസംഗത്തില്‍ പറഞ്ഞു.
കായികരംഗത്തോടുള്ള തന്റെ വലിയ താത്പര്യം വ്യക്തമാക്കിയ മാര്‍പ്പാപ്പ, സ്‌പോര്‍ട്‌സ് ജനങ്ങളില്‍ ഉന്നതമായ മൂല്യങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുന്നുവെന്ന് നിരീക്ഷിച്ചു. കഠിനാധ്വാനം, പരസ്പരവിശ്വാസം, തുറന്ന മനസ്സ്, ടീം സ്പിരിറ്റ്, ധൈര്യം എന്നിവയിലൂടെ കായികതാരങ്ങള്‍ പ്രകടിപ്പിക്കുന്ന അര്‍പ്പണബോധത്തെ പാപ്പ അഭിനന്ദിച്ചു. സാംസ്‌കാരിക, സാമൂഹിക, മതപരമായ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യരെ ഒന്നിച്ചുചേര്‍ക്കുന്ന സാര്‍വത്രിക ഭാഷയാണ് കായികരംഗമെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകള്‍ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു.
''ലോകത്തിന് ഇന്ന് ആവശ്യമുള്ള ആത്മാര്‍ത്ഥമായ സന്തോഷവും പ്രതീക്ഷയുമാണ് സ്‌പെഷ്യല്‍ ഒളിംപിക്‌സ് താരങ്ങള്‍ നല്‍കുന്നത്. പങ്കുവെക്കലിന്റെയും സ്‌നേഹത്തിന്റെയും പാത മാത്രമാണ് യഥാര്‍ത്ഥ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതെന്ന് തങ്ങളുടെ ജീവിതത്തിലൂടെ ഈ കായികതാരങ്ങള്‍ തെളിയിക്കുന്നു''- പാപ്പ വ്യക്തമാക്കി. കായികതാരങ്ങള്‍, പരിശീലകര്‍, സംഘാടകര്‍ എന്നിവരടങ്ങുന്ന സംഘത്തെ പരിശുദ്ധ അമ്മയുടെയും വിശുദ്ധ പിയര്‍ ജോര്‍ജിയോ ഫ്രസാറ്റിയുടെയും മാധ്യസ്ഥ്യത്തിന് സമര്‍പ്പിച്ച മാര്‍പ്പാപ്പ അവര്‍ക്ക് പ്രേഷിത ആശീര്‍വാദവും നല്‍കി.