യേശുവിലൂടെ ദൈവവുമായുള്ള മനുഷ്യന്റെ ബന്ധം സൗഹൃത്തിന്റേതായിമാറി: ലിയോ പാപ്പ

 
LEO PAPA 123


വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലൂടെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം യജമാനന്‍-ദാസന്‍ ബന്ധത്തില്‍ നിന്ന് സൗഹൃദത്തിന്റെ തലത്തിലേക്ക് ഉയര്‍ന്നുവെന്ന് ലിയോ 14 -ാമന്‍ പാപ്പ. 

പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് , രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ  'ഡെയി വേര്‍ബം' പ്രമാണരേഖയെ ആസ്പദമാക്കി നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.


'ഇനി ഞാന്‍ നിങ്ങളെ ദാസന്മാരെന്നു വിളിക്കില്ല. ഞാന്‍ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു' (യോഹ 15:15) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്റെ സന്ദേശം പങ്കുവച്ചത്. സൃഷ്ടാവായ ദൈവവും സൃഷ്ടിയായ മനുഷ്യനും തമ്മില്‍ വലിയ അകലമുണ്ട്.  


നാം ദൈവത്തിന് തുല്യരല്ലെങ്കിലും, തന്റെ പുത്രനായ യേശുവിലൂടെ ദൈവം നമ്മെ തന്നോട് സദൃശരാക്കുകയും അവിടുത്തെ മക്കളാക്കി മാറ്റുകയും ചെയ്തു. ഇതാണ് പുതിയ ഉടമ്പടിയുടെ കാതല്‍.


ദൈവം മനുഷ്യനോട് നടത്തുന്ന സംഭാഷണത്തിലൂടെ തന്നെത്തന്നെ മനുഷ്യന് വെളിപ്പെടുത്തിക്കൊടുത്തുകൊണ്ട് ദൈവവുമായുള്ള സൗഹൃദത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു. പാപം മൂലം മുറിഞ്ഞുപോയ ആ പഴയ സംഭാഷണം യേശുക്രിസ്തുവിലൂടെ വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടുവെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

 ദൈവവുമായുള്ള ഈ സൗഹൃദം നിലനിര്‍ത്താന്‍ ശ്രവണവും സംസാരവും അനിവാര്യമാണ്. നമ്മുടെ ഹൃദയത്തിലേക്കും മനസിലേക്കും ദൈവവചനം ചൂഴ്ന്നിറങ്ങാന്‍  അനുവദിക്കുന്നതിനൊപ്പം  പ്രാര്‍ത്ഥനയിലൂടെ നമ്മെത്തന്നെ ദൈവത്തിന് മുന്‍പില്‍ വെളിപ്പെടുത്തുകയും അതിലൂടെ നമ്മെത്തന്നെ കൂടുതല്‍ ആഴത്തില്‍ അറിയുകയും വേണം. 

യേശു നല്‍കുന്ന ഈ സൗഹൃദത്തിന്റെ വിളി തള്ളിക്കളയാതെ കാത്തുസൂക്ഷിക്കണമെന്നും അതാണ് നമ്മുടെ രക്ഷയെന്ന് തിരിച്ചറിയണമെന്നും പാപ്പ പറഞ്ഞു.
 

Tags

Share this story

From Around the Web