ലഹരിയുടെ അടിമത്തം തടയാന്‍ മികച്ച കുടുംബം അനിവാര്യം: ലെയോ പാപ്പ
യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതില്‍ കുടുംബങ്ങള്‍ക്കുള്ള പ്രാധാന്യം എടുത്തുപറഞ്ഞ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. ''ലഹരിക്കെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധം നല്ലൊരു കുടുംബമാണ്'' എന്ന് പാപ്പ പറഞ്ഞു. ലാറ്റിന്‍ അമേരിക്കയ്ക്കായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ (CAL) സംഘടിപ്പിച്ച ലഹരിവിരുദ്ധ സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ഓഗസ്റ്റ് 27 ന് നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഈ പരാമര്‍ശം നടത്തിയത്. ഓഗസ്റ്റ് 25 മുതല്‍ 27 വരെ നടക്കുന്ന ഈ സമ്മേളനം മധ്യ-തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളിലേക്കുള്ള അവരുടെ റിക്രൂട്ട്മെന്റും തടയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ലഹരിക്ക് അടിമപ്പെട്ടവരെ സഹായിക്കാന്‍ കുടുംബങ്ങള്‍ക്ക് കഴിയും. യുവാക്കളിലെ ലഹരി ഉപയോഗവും കുടുംബങ്ങളില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. ''ലഹരി ഉപയോഗം, അക്രമം, കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യല്‍, ദാരിദ്ര്യം, അല്ലെങ്കില്‍ ആളുകളെ സമൂഹത്തിന്റെ പാര്‍ശ്വവല്‍ക്കരണത്തിലേക്ക് തള്ളിവിടുന്ന അവസരങ്ങളുടെ അഭാവം എന്നിവ മൂലം തകര്‍ന്ന നിരവധി കുടുംബങ്ങളുടെ വേദനയ്ക്ക് ഇന്ന് നാം സാക്ഷ്യം വഹിക്കുകയാണ്,'' പാപ്പ പറഞ്ഞു. ഇതിന് പരിഹാരമായി കുടുംബത്തെ 'ആഭ്യന്തര സഭ' (domestic church) ആയി വീണ്ടും ഉയര്‍ത്തിക്കാട്ടണമെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
''സഭയെ 'കൂട്ടായ്മയുടെ ഭവനവും വിദ്യാലയവും' ആക്കാന്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നമ്മോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ 'ആഭ്യന്തര സഭ' എന്ന് ശരിയായി വിശേഷിപ്പിച്ച കുടുംബമാണ് ജീവന്‍ പരിപാലിക്കുകയും സംരക്ഷിക്കപ്പെടുകയും ആസൂത്രണം ചെയ്യപ്പെടുകയും ചെയ്യുന്ന സ്ഥലം. ലഹരിക്കെതിരെ നല്ലൊരു കുടുംബത്തേക്കാള്‍ മികച്ച ഒരു പ്രതിരോധമില്ല,'' പാപ്പ പറഞ്ഞു.
ലഹരിക്കെതിരെയുള്ള പ്രസംഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഉദ്ധരിച്ച ലെയോ മാര്‍പാപ്പ, സഭ മനുഷ്യന്റെ ദുരിതങ്ങളെയും മറ്റുള്ളവരുടെ വേദനിക്കുന്ന ശരീരത്തെയും തൊട്ടറിയണമെന്നാണ് യേശു ആഗ്രഹിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചു.