'അകല്‍ച്ചകള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ കായികലോകം ആളുകളെ ഒന്നിപ്പിക്കുന്നു'': ലെയോ പാപ്പ
സാങ്കേതികവിദ്യയുടെ അതിപ്രസരം മൂലം മനുഷ്യര്‍ തമ്മില്‍ അകല്‍ച്ച വര്‍ധിച്ചുവരുന്ന ഈ ആധുനിക കാലഘട്ടത്തില്‍, പരസ്പരം ഒന്നിപ്പിക്കാനുള്ള ശക്തമായ ഒരു വേദിയാണ് കായികലോകം എന്ന് ലെയോ പതിനാലാമന്‍ പാപ്പ പറഞ്ഞു.
അമേരിക്കയിലെ കോളേജ് ബാസ്‌കറ്റ് ബോള്‍ ടീമുകളായ വില്ലനോവ , നോട്രെ ഡാം സര്‍വകലാശാലകളിലെ പ്രതിനിധികളുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
''ആളുകളെ ഭൗതികമായി പരസ്പരം അടുപ്പിക്കുന്നതിനുള്ള ഒരു പ്രായോഗിക മാര്‍ഗമെന്ന നിലയില്‍, സഹകരണത്തിന്റെയും പരസ്പര പങ്കുവയ്ക്കലിന്റെയും മൂല്യങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കായികരംഗത്തിന് കഴിയും. സാങ്കേതികവിദ്യ മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ച സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതിന് പ്രാധാന്യമേറെയാണ്,'' മാര്‍പാപ്പ പറഞ്ഞു.
മത്സരം നടക്കുന്നത് എല്ലാ വിശുദ്ധരുടെയും തിരുനാള്‍ ദിനത്തിലാണെന്ന കാര്യം ചൂണ്ടിക്കാണിച്ച ലെയോ പാപ്പ, ''ദൈവം എല്ലാവരെയും വിശുദ്ധിയിലേക്ക് വിളിക്കുന്നു'' എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനമെന്നും ഊന്നിപ്പറഞ്ഞു.
വത്തിക്കാനിലെ പോള്‍ ആറാമന്‍ ഓഡിയന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇരു സര്‍വകലാശാലകളില്‍ നിന്നുമുള്ള അയ്യായിരത്തിലധികം വരുന്ന വിദ്യാര്‍ഥികളും കായികതാരങ്ങളും ആരാധകരും പങ്കെടുത്തിരുന്നു.
റോമില്‍ വച്ച് നടക്കുന്ന ചരിത്രപരമായ ബാസ്‌കറ്റ് ബോള്‍ മത്സരങ്ങളുടെ മുന്നോടിയായാണ് ഈ പ്രത്യേക കൂടിക്കാഴ്ച സംഘടിപ്പിച്ചത്.