ഗാസയിലെ ഇസ്രായേല്‍ വ്യോമാക്രമണം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ച് ലെയോ പാപ്പ

 
leo papa



ഗാസ സിറ്റിയില്‍ ഇസ്രായേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ അമ്മയും മകളും ഉള്‍പ്പെടെ രണ്ട് ക്രൈസ്തവ വനിതകളും മറ്റ് മൂന്ന് പേരും കൊല്ലപ്പെട്ട സംഭവത്തില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഗാസയിലെ ഏക കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി പാരിഷ് വികാരി ഫാ. ഗബ്രിയേല്‍ റൊമാനല്ലിക്ക് അയച്ച പ്രത്യേക സന്ദേശത്തിലാണ് മാര്‍പാപ്പ തന്റെ പ്രാര്‍ഥനയും പിന്തുണയും അറിയിച്ചത്. ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെ ഗാസ സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിലാണ് മയ്‌സ ഖാദര്‍ ഇബ്രാഹിം അബു ദാവൂദ്, മകള്‍ മേരി ഹാഫെസ് മിഷേല്‍ നജ്ജാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടത്.

ഫാ. ഗബ്രിയേല്‍ റൊമാനല്ലി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച സന്ദേശത്തിലാണ് മാര്‍പാപ്പയുടെ കത്ത് പരസ്യമാക്കിയത്. ''മയ്‌സയുടെയും മേരിയുടെയും വിയോഗവാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ അവര്‍ക്കായും അവരുടെ കുടുംബങ്ങള്‍ക്കായും ഗാസയിലെ മുഴുവന്‍ ജനങ്ങള്‍ക്കായും പ്രാര്‍ഥിക്കുകയാണ്. 'കര്‍ത്താവേ, എത്രത്തോളം കാലം?' ശാന്തിയും സമാധാനവും മാത്രം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് കൂടെ നില്‍ക്കുന്നതിന് നന്ദി,'' എന്ന് മാര്‍പാപ്പ കത്തില്‍ കുറിച്ചു.

ഹോളി ഫാമിലി ദൈവാലയത്തില്‍ അഭയം പ്രാപിച്ച നിര്‍ധനരായ ആളുകളെയും ഇടവകാംഗങ്ങളെയും സഹായിക്കുന്നതില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന മയ്‌സയുടെയും മേരിയുടെയും മരണം നികത്താനാവാത്ത നഷ്ടമാണെന്ന് പാലസ്തീനിലെ സഭാ കാര്യങ്ങള്‍ക്കായുള്ള പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ റാംസി ഖൂരി വ്യക്തമാക്കി. ഗാസയില്‍ ആരും സുരക്ഷിതരല്ലെന്ന ഭയാനകമായ യാഥാര്‍ഥ്യമാണ് ഇത്തരം ആക്രമണങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഫാ. റൊമാനല്ലി ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ സഭാ നേതാക്കളും ജറുസലേമിലെ ലത്തീന്‍ പത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയും സംഭവത്തില്‍ അനുശോചനം അറിയിച്ചു. ഗാസയില്‍ യുദ്ധം ആരംഭിച്ച് ഇതുവരെ 62 ക്രിസ്ത്യാനികള്‍ മരണപ്പെട്ടതായി ഇടവക വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. പ്രദേശത്ത് അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഗോള സമൂഹത്തോട് മാര്‍പാപ്പയും പ്രാദേശിക സഭാ നേതൃത്വവും അഭ്യര്‍ഥിച്ചു.

Tags

Share this story

From Around the Web