മൊസാംബിക്കിൽ ബിഷപ്പിനെ വെടിവെച്ചു കൊലപ്പെടുത്തി: അതീവ ദുഃഖം രേഖപ്പെടുത്തി ലെയോ പാപ്പ

 
2333

മൊസാംബിക്കിലെ ക്വെലിമാൻ (Quelimane) രൂപത ബിഷപ്പ് ഒസോറിയോ സിത്തോറ അഫോൻസോ (Bishop Osório Citora Afonso) സായുധ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ സംഭവത്തിൽ ലെയോ പതിനാലാമൻ പാപ്പ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ജൂൺ അഞ്ചു വെള്ളിയാഴ്ച പുലർച്ചെ ബിഷപ്പിന്റെ ഔദ്യോഗിക വസതിക്കു നേരെയാണ് സായുധ സംഘത്തിന്റെ ആക്രമണമുണ്ടായത്.

അക്രമികൾ ക്വെലിമാൻ ബിഷപ്പ് ഹൗസിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നുവെന്ന് സാംബേസിയ (Zambézia) പ്രവിശ്യയിലെ നാഷണൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സർവീസ് (SERNIC) സ്ഥിരീകരിച്ചു. ബിഷപ്പിന്റെ നെഞ്ചിലാണ് വെടിയേറ്റതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വക്താവ് മാക്സിമിനോ അമിത്കർ അറിയിച്ചു. പ്രതികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ.

ബിഷപ്പ് അഫോൻസോയുടെ ദാരുണമായ മരണത്തിൽ മൊസാംബിക് ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഇനാസിയോ സൗറെ അനുശോചനം രേഖപ്പെടുത്തി. “ഇതുവരെ വ്യക്തത വന്നിട്ടില്ലാത്ത ദുരൂഹമായ സാഹചര്യത്തിലാണ്” ബിഷപ്പിന്റെ മൃതദേഹം വസതിയിൽ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തിനെതിരെയും വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗാഡോ (Cabo Delgado) പ്രവിശ്യയിലെ അക്രമങ്ങൾക്കെതിരെയും ശക്തമായി പ്രതികരിച്ചിരുന്ന വ്യക്തിയായിരുന്നു അന്തരിച്ച ബിഷപ്പ് അഫോൻസോ. കഴിഞ്ഞ മെയ് മാസത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾ നിയന്ത്രണാതീതമാണെന്നും നിരപരാധികളായ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ജനങ്ങൾ ഭയചകിതരാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Tags

Share this story

From Around the Web