നൂറാമത് ആഗോള മിഷന്‍ ഞായര്‍: പൂര്‍ണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ച് ലെയോ പാപ്പ
1926 ല്‍ പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ സ്ഥാപിച്ചതും ഒക്ടോബര്‍ 18 ഞായറാഴ്ച ആചരിച്ചതുമായ നൂറാമത് ലോക മിഷന്‍ ഞായറിനോടനുബന്ധിച്ച്, അപ്പസ്‌തോലിക പെനിറ്റന്‍ഷ്യറി വഴി ലെയോ പതിനാലാമന്‍ മാര്‍പാപ്പ പൂര്‍ണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. 'ക്രിസ്തുവില്‍ ഒന്നായി, ദൗത്യത്തില്‍ ഐക്യപ്പെട്ടിരിക്കുന്നു' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
ലോകമെമ്പാടും സുവിശേഷം പ്രഘോഷിക്കുന്നതിനായി വിശ്വാസികള്‍ക്ക് മാര്‍പാപ്പയോടൊപ്പം ചേര്‍ന്ന് ജപമാല പ്രാര്‍ഥന ചൊല്ലാവുന്നതാണ്. ''ഇന്ന് നമ്മള്‍ നൂറാമത് ലോക മിഷന്‍ ദിനം ആചരിക്കുന്നു. ഈ നൂറ് വര്‍ഷത്തിനിടയില്‍ എത്രമാത്രം മിഷനറി ചരിത്രമാണ് രൂപപ്പെട്ടിട്ടുള്ളത്! ഉത്ഥിതനായ കര്‍ത്താവിന്റെ കല്‍പനയോട് സഭ എപ്പോഴും വിശ്വസ്തത പുലര്‍ത്തട്ടെയെന്ന് നമുക്ക് പ്രാര്‍ഥിക്കാം: 'നിങ്ങള്‍ ലോകമെങ്ങും ചെന്ന് സര്‍വസൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുവിന്‍,'' ഒക്ടോബര്‍ 18 ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാര്‍ഥനയ്ക്കിടെ പാപ്പ പറഞ്ഞു
പതിവ് വ്യവസ്ഥകളോടെ കുമ്പസാരം, ദിവ്യകാരുണ്യ സ്വീകരണം, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായുള്ള പ്രാര്‍ഥന എന്നിവയോടെ വിശ്വാസികള്‍ക്ക് ദണ്ഡവിമോചനം പ്രാപിക്കാമെന്ന് അപ്പസ്‌തോലിക പെനിറ്റന്‍ഷ്യറിയുടെ ഡിക്രി വ്യക്തമാക്കുന്നു.
നൂറാമത് ലോക മിഷന്‍ ഞായറാഴ്ചയോട് അനുബന്ധിച്ച് ജനുവരി 25 ന് പുറത്തിറക്കിയ സന്ദേശത്തില്‍, ക്രിസ്തുവില്‍ ഐക്യപ്പെട്ട ഹൃദയങ്ങളും അനുരഞ്ജിതമായ സമൂഹങ്ങളും, ഉദാരമനസ്സോടെയും ആത്മവിശ്വാസത്തോടെയും സഹകരിക്കാനുള്ള സന്നദ്ധതയും ആവശ്യപ്പെടുന്ന മിഷനറി പാതയിലൂടെ, പരിശുദ്ധാത്മാവില്‍ സന്തുഷ്ടിയോടും തീക്ഷ്ണതയോടും കൂടി സഭ മുഴുവന്‍ മുന്നോട്ടുപോകാന്‍ ലെയോ പാപ്പ ആഹ്വാനം ചെയ്തു.
''ക്രൈസ്തവനാവുക എന്നത് ഒന്നാമതായി കുറച്ച് അനുഷ്ഠാനങ്ങളോ, ആശയങ്ങളോ അല്ല, മറിച്ച് പിതാവുമായുള്ള ക്രിസ്തുവിന്റെ പുത്രബന്ധത്തില്‍ പങ്കാളികളാകുന്ന, ക്രിസ്തുവുമായുള്ള ഐക്യത്തിലെ ജീവിതമാണ്,'' പാപ്പ പറയുന്നു. തന്റെ ദൗത്യത്തില്‍ സഭയുടെ പ്രാഥമിക ഉത്തരവാദിത്തം അംഗങ്ങള്‍ക്കിടയിലെ ആത്മീയവും സാഹോദര്യപരവുമായ ഐക്യം പുതുക്കുക എന്നതാണെന്നും പാപ്പ പറഞ്ഞു.