ലെയോ പാപ്പയുടെ അര്‍ജന്റീന സന്ദര്‍ശനം; വോളന്റിയര്‍മാര്‍ക്കുള്ള പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അര്‍ജന്റീന സന്ദര്‍ശനത്തോടനുബന്ധിച്ച് വോളന്റിയര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പ്രീ-രജിസ്‌ട്രേഷന്‍ നടപടികള്‍ സെപ്റ്റംബര്‍ ഏഴ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. നവംബര്‍ എട്ട് മുതല്‍ 11 വരെ നടക്കുന്ന ചരിത്രപരമായ ഈ സന്ദര്‍ശനത്തില്‍ ബ്യൂണസ് ഐറസ്, കോര്‍ഡോബ, ലുജാന്‍ എന്നീ നഗരങ്ങള്‍ പാപ്പ സന്ദര്‍ശിക്കും.
ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ 'മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്' (Magnifica humanitas) എന്ന ചാക്രികലേഖനത്തിലെ വരികളില്‍ നിന്നാണ് ഈ വോളന്റിയര്‍ ആഹ്വാനം പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത് - 'പൊതുനന്മയ്ക്കായി സ്വയം സമര്‍പ്പിക്കാന്‍ നാം ഭയപ്പെടരുത്; ദൈവത്തെ നമ്മുടെ ലക്ഷ്യമാക്കിയും ഓരോ വ്യക്തിയെയും നമ്മുടെ തീരുമാനങ്ങളുടെ കേന്ദ്രബിന്ദുവാക്കിയും മുന്നേറാം.'' അര്‍ജന്റീനിയന്‍ പൗരന്മാര്‍ക്കോ, അര്‍ജന്റീനയില്‍ സ്ഥിരതാമസ അനുമതിയുള്ളവര്‍ക്കോ മാത്രമാണ് വോളന്റിയര്‍ ആകാന്‍ അവസരമുള്ളത്.
അപേക്ഷകര്‍ 2026 ഒക്ടോബര്‍ എട്ടോടെ 18 നും 65 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. 2026 ഒക്ടോബര്‍ എട്ടാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പ്രീ-രജിസ്‌ട്രേഷന്‍ നടത്തുന്നതുകൊണ്ടു മാത്രം ഒരാള്‍ക്ക് സേവനചുമതല നേരിട്ട് ലഭിക്കില്ല. സംഘാടകരുടെ ആവശ്യകത, അപേക്ഷകന്റെ വ്യക്തിഗത വിവരം, ലഭ്യത എന്നിവ കണക്കിലെടുത്തായിരിക്കും ഓരോ വിഭാഗത്തിലേക്കും ആളുകളെ നിയോഗിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലന ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. ചില പ്രത്യേക സേവനങ്ങള്‍ക്കായി പ്രധാന പരിപാടിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ലഭ്യമാകേണ്ടിവരും.