ലിയോ പാപ്പായും മോണക്കോ തലവന്‍ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരനും തമ്മില്‍ കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍:മോണക്കോ രാജകുമാരന്‍ ആല്‍ബര്‍ട്ട് രണ്ടാമന് വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ച് ലിയോ പതിനാലാമന്‍ പാപ്പാ. ജനുവരി 17-ന് രാവിലെയാണ് ലോകത്തിലെ തന്നെ ചെറിയ രാജ്യങ്ങളില്‍ രണ്ടാമത്തേതായ മൊണാക്കോയുടെ തലവനായ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരന്‍, ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമായ വത്തിക്കാനിലെത്തിയത്.
പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ്, ഇതേദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, ഇരു രാഷ്ട്ര നേതൃത്വങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയിച്ചത്.
വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ പാപ്പായും രാജകുമാരനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസമൂഹങ്ങളുമായുള്ള ബന്ധത്തിനായുള്ള സെക്രെട്ടറി ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറുമായും ആല്‍ബര്‍ട്ട് രണ്ടാമന്‍ സംസാരിച്ചു.
സ്റ്റേറ്റ് സെക്രെട്ടറിയേറ്റില്‍ വച്ച് ഇരുനേതൃത്വങ്ങളും തമ്മില്‍ നടന്ന വിവിധ ചര്‍ച്ചകളില്‍, പരിശുദ്ധ സിംഹാസനവും മോണക്കോയും തമ്മിലുള്ള സുദൃഢമായ ഉഭയകക്ഷിബന്ധവും, രാജ്യത്തിന്റെ സാമൂഹ്യജീവിതത്തില്‍ കത്തോലിക്കാസഭയുടെ പ്രാധാന്യവും, സഭ നല്‍കുന്ന ചരിത്രപരമായ സംഭാവനകളും പരാമര്‍ശിക്കപ്പെട്ടുവെന്ന് പത്രക്കുറിപ്പ് വിശദീകരിച്ചു.
പ്രകൃതിപരിപാലനം, മാനവികസഹായം, മനുഷ്യാന്തസ്സ് സംരക്ഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഇടം പിടിച്ചു.
അന്താരാഷ്ട്രസമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രധാന കാര്യങ്ങള്‍, പ്രത്യേകിച്ച് സമാധാനം, സുരക്ഷ തുടങ്ങിയവയും, മദ്ധ്യപൂര്‍വ്വദേശങ്ങളിലെയും ചില ആഫ്രിക്കന്‍ പ്രദേശങ്ങളിലെയും രാഷ്ട്രീയ, സാമൂഹിക സ്ഥിതിഗതികളും ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും പരിശുദ്ധ സിംഹാസനം അറിയിച്ചു.
ഫ്രാന്‍സും മെഡിറ്ററേനിയന്‍ കടലുമായി അതിര്‍ത്തി പങ്കിടുന്ന മോണക്കോയുടെ സംരക്ഷണം ഫ്രാന്‍സാണ് ഉറപ്പാക്കുന്നത്.
1949 മുതല്‍ 2005 വരെ ഭരണം നടത്തിയ റൈനിയര്‍ മൂന്നാമന്‍ രാജകുമാരന്റെ മക്കളില്‍ രണ്ടാമത്തെയാളായ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരന്‍, പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 2005-ലാണ് ഭരണം ഏറ്റെടുത്തത്.