ലെബനന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പാപ്പ. അമേരിക്ക, ഇസ്രായേല്‍, ലെബനന്‍ എന്നിവര്‍ ഒപ്പുവെച്ച കരാര്‍ പ്രധാന ചര്‍ച്ചാ വിഷയം
ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണുമായി ഓഗസ്റ്റ് 20 വ്യാഴാഴ്ച, രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമന്‍ മാര്‍പാപ്പ.
തുടര്‍ന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ചര്‍ച്ചകളില്‍ അമേരിക്ക, ഇസ്രായേല്‍, ലെബനന്‍ എന്നിവര്‍ ഒപ്പുവെച്ച കരാറാണ് പ്രധാന ചര്‍ച്ചാ വിഷയമായത്.
ഈ കരാര്‍ നടപ്പിലാക്കുന്നതിലെ തടസ്സങ്ങളില്‍ പരിശുദ്ധ സിംഹാസനം ആശങ്ക പ്രകടിപ്പിക്കുകയും, പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, വിദേശകാര്യ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഘര്‍ എന്നിവരുമായും പ്രസിഡന്റ് ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അനുസരിച്ച്, ചര്‍ച്ചകള്‍ വളരെ സൗഹാര്‍ദ്ദപരമായിരുന്നു. ''അമേരിക്ക, ഇസ്രായേല്‍, ലെബനന്‍ എന്നിവര്‍ ഒപ്പുവെച്ച ത്രികക്ഷി ചട്ടക്കൂട് കരാറിലായിരുന്നു (ഠൃശഹമലേൃമഹ എൃമാലംീൃസ അഴൃലലാലി)േ ചര്‍ച്ചകള്‍ പ്രധാനമായും കേന്ദ്രീകരിച്ചത്. ലെബനന്റെ തെക്കന്‍ അതിര്‍ത്തികളില്‍ സ്ഥിരത കൈവരിക്കാനും നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കാനുമാണ് ഈ കരാര്‍ ലക്ഷ്യമിടുന്നത്'' വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
''കരാര്‍ ഒപ്പുവെച്ചതില്‍ സംതൃപ്തി രേഖപ്പെടുത്തുന്നതോടൊപ്പം തന്നെ, അത് നടപ്പിലാക്കുന്നതില്‍ നേരിടുന്ന പ്രയാസങ്ങളില്‍ പരിശുദ്ധ സിംഹാസനം കടുത്ത ആശങ്ക അറിയിച്ചു. ഈ ദിശയിലുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും വത്തിക്കാന്‍ ഉറപ്പുനല്‍കി'' പ്രസ്താവനയില്‍ പറയുന്നു.
ലെബനീസ് പ്രസിഡന്‍സിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍, ലെബനന് നല്‍കുന്ന പിന്തുണയ്ക്ക് പ്രസിഡന്റ് ഔണ്‍, ലെയോ പതിനാലാമന്‍ മാര്‍പാപ്പയോടും പരിശുദ്ധ സിംഹാസനത്തോടും നന്ദി രേഖപ്പെടുത്തി. ജൂണ്‍ 26-ന് അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച ചട്ടക്കൂട് കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള ബെയ്റൂട്ടിന്റെ ആവശ്യങ്ങള്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തെക്കന്‍ ലെബനനിലെ സാധാരണക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ ഇസ്രായേല്‍ നടത്തുന്ന ദിനംപ്രതിയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും, കൈയേറിയ പ്രദേശങ്ങളില്‍ നിന്ന് പിന്മാറണമെന്നും ഔണ്‍, ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇത് തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് തിരിച്ചെത്തുന്നതിനും വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നടപടികള്‍ക്കൊപ്പം ലെബനന്‍ ഭരണകൂടത്തിന്റെ അധികാരം രാജ്യത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും പ്രസിഡന്റ് ഔണ്‍ പറഞ്ഞു.
തെക്കന്‍ ലെബനനിലെ സംഘര്‍ഷാവസ്ഥ ഏപ്രില്‍ 17-ന് ഇസ്രായേലുമായി താത്കാലിക വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയെങ്കിലും തെക്കന്‍ ലെബനനില്‍ ആക്രമണങ്ങള്‍ തുടര്‍ന്നുപോരുന്ന ഗുരുതര സാഹചര്യത്തിലാണ് വത്തിക്കാനിലെ ഈ കൂടിക്കാഴ്ച നടന്നിരിക്കുന്നത്.