ഹംഗേറിയന്‍ പ്രധാനമന്ത്രിയുമായും പോര്‍ച്ചുഗീസ് പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തി ലെയോ പാപ്പ
പോര്‍ച്ചുഗീസ് പ്രസിഡന്റ് അന്റോണിയോ ജോസെ മാര്‍ട്ടിന്‍സ് സെഗുറോ, ഹംഗേറിയന്‍ പ്രധാനമന്ത്രി പീറ്റര്‍ മഗ്യാര്‍ എന്നിവരുമായി ലെയോ പതിനാലാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും പിന്നീട് വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറിയായ ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറുമായും കൂടിക്കാഴ്ച നടത്തി.
സെഗുറോയുമായുള്ള മാര്‍പാപ്പയുടെ കൂടിക്കാഴ്ചയ്ക്കു ശേഷം ഹോളീ സീ പ്രസ്സ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍, വത്തിക്കാനും പോര്‍ച്ചുഗലും തമ്മിലുള്ള ശക്തമായ ബന്ധത്തില്‍ സന്തോഷം രേഖപ്പെടുത്തി.
സാമൂഹിക-സാമ്പത്തിക പുരോഗതിയും പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നതും ഉള്‍പ്പെടെ ഇരുവിഭാഗത്തിനും പൊതുതാല്‍പര്യമുള്ള വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്.
കൂടാതെ, ആഗോള സംഘര്‍ഷങ്ങളുടെ പ്രത്യാഘാതങ്ങള്‍, കുടിയേറ്റം, ബഹുമുഖ നയതന്ത്രത്തിന്റെ പ്രാധാന്യം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ആദരവ്, സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തിര ഭാവം എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
മഗ്യാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഹോളീ സീ പ്രസ്സ് ഓഫീസ് നല്‍കിയ വിവരമനുസരിച്ച്, ഉഭയകക്ഷി ബന്ധങ്ങളിലെ സംതൃപ്തിയും ഹംഗറിയിലെ കത്തോലിക്കാ സഭയുടെ സംഭാവനകളും എടുത്തുപറഞ്ഞു.
ഹംഗറിയുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിലും, വിദ്യാഭ്യാസ മേഖല, ലോകത്തിലെ ഏറ്റവും ദുര്‍ബലരായ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളിലുമാണ് പ്രധാനമായും ചര്‍ച്ച കേന്ദ്രീകരിച്ചത്.
നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളെക്കുറിച്ച്, ഉക്രൈനിലെയും മിഡില്‍ ഈസ്റ്റിലെയും സംഘര്‍ഷാവസ്ഥകളെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തിയെന്നും സമാധാനം കൈവരിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം കൂടുതല്‍ പ്രതിജ്ഞാബദ്ധത കാണിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായും പ്രസ്സ് ഓഫീസ് കൂട്ടിച്ചേര്‍ത്തു.