ചരിത്ര നിയമനവുമായി ലെയോ പാപ്പ; ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി അല്‍മായ വനിത

 
Alamaya

ത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ഔദ്യോഗിക വാർത്താവിഭാഗമായ ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷന്റെ അധ്യക്ഷയായി അല്‍മായ വനിത നിയമിതയായി. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമമായ ഇഡബ്ള്യുടിഎന്നിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മരിയ മോണ്ട്സെറാത്ത് അൽവാരാഡോയ്ക്കാണ് ചരിത്രപരമായ നിയമനം ലഭിച്ചിരിക്കുന്നത്. ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായിരുന്ന ഡോ. പൗളോ റുഫീനി സ്ഥാനം ഒഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.


മെക്സിക്കൻ വംശജയായ ഡോ. മരിയയ്ക്ക് അമേരിക്കൻ പൗരത്വമാണുള്ളത്. മെക്സിക്കോ സിറ്റിയിൽ ജനിച്ച ഡോ. മരിയ, ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത പഠനങ്ങൾ പൂർത്തിയാക്കി. 2009 - 2023 കാലയളവില്‍ ബെക്കറ്റ് ഫണ്ട് ഫോർ റിലീജിയസ് ലിബർട്ടിയിൽ വിവിധ സേവനങ്ങൾ അനുഷ്ഠിച്ചു. 2023 മുതൽ, എറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ വാർത്താ വിഭാഗമായ ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി സേവനം ചെയ്തു വരികയാണ്.


ടെലിവിഷൻ, പ്രിന്റ്, റേഡിയോ, ഡിജിറ്റൽ, സോഷ്യൽ മീഡിയ എന്നിവയിലുടനീളം ഏഴ് ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശൃംഖലയായ ഇ‌ഡബ്ല്യു‌ടി‌എന്നിന്‍റെ നേതൃത്വ സ്ഥാനം വഹിച്ചു വരുന്നതിനിടെയാണ് പാപ്പയുടെ നിയമന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. നവംബർ ഒന്നിനു മോൺസെ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. 2015-ൽ ഫ്രാൻസിസ് മാർപാപ്പയാണ് ആശയവിനിമയത്തിനുള്ള ഡിക്കാസ്റ്ററി സ്ഥാപിച്ചത്. 11 വര്‍ഷത്തെ ഡിക്കാസ്റ്ററിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു അല്‍മായ വനിത ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കുക.


ഡിക്കാസ്റ്ററിയുടെ കീഴിലാണ് വത്തിക്കാൻ ന്യൂസ്, വത്തിക്കാൻ റേഡിയോ, എൽ'ഒസ്സർവറ്റോർ റൊമാനോ, വത്തിക്കാൻ മീഡിയ, വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് & പ്രിന്റിംഗ് പ്രസ്സ്, ഫിലിമോട്ടെക്ക വത്തിക്കാന, ഹോളി സീ പ്രസ് ഓഫീസ് എന്നിവയുൾപ്പെടെ വത്തിക്കാന്റെ വിവിധ ആശയവിനിമയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് വർഷത്തെ കാലാവധിയിലേക്ക് നിയമിതനായ വത്തിക്കാന്റെ മുഴുവൻ മാധ്യമ ശൃംഖലയുടെയും മേൽനോട്ടമാണ് മരിയ മോണ്ട്സെറാത്ത് അൽവാരാഡോയില്‍ നിക്ഷിപ്തമായിരിക്കുന്നത്.

Tags

Share this story

From Around the Web