ലക്‌സംബര്‍ഗിന്റെ പുതിയ പ്രഭുവാകുന്ന ഗിയോം അഞ്ചാമന് ആശംസകള്‍ നേര്‍ന്ന് ലിയോ പതിനാലാമന്‍ പാപ്പാ 

 
GEOM



വത്തിക്കാന്‍:ലക്‌സംബര്‍ഗിന്റെ ഉന്നത പ്രഭുവായിരുന്ന ഹെന്റി സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ തന്റെ പിന്‍ഗാമിയായി  ഗിയോം അഞ്ചാമന്‍ ഉയര്‍ത്തപ്പെട്ടു. ഒക്ടോബര്‍  മൂന്നാം തീയതിയാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.


 പുതിയ പ്രഭുവിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു. 2000 - ല്‍ പിതാവ് അധികാരമേറ്റതുമുതല്‍ ഗിയോം  ലക്‌സംബര്‍ഗ് കിരീടാവകാശിയായി തുടരുകയായിരുന്നു.

സ്ഥാനാരോഹണ വേളയില്‍, ചരിത്രത്തില്‍ ആഴത്തില്‍ വേരൂന്നിയ, പുരാതനവും അഭിമാനകരവുമായ പാരമ്പര്യങ്ങളാല്‍ സമ്പന്നമായ ഒരു രാജ്യത്തിന്റെ മുഴുവന്‍ സന്തോഷത്തില്‍ താനും പങ്കുചേരുന്നുവെന്നു പാപ്പാ സന്ദേശത്തില്‍ കുറിച്ചു.


 രാജ്യത്തിന്റെ സത്വം വെളിപ്പെടുത്തുന്ന, ക്രിസ്തീയ മൂല്യങ്ങളോടുള്ള ബഹുമാനത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും, അതുവഴി പൊതുനന്മയ്ക്കായുള്ള അശ്രാന്തമായ അന്വേഷണം വളര്‍ത്തുന്നതിനും പുതിയ പ്രഭുവിന് സാധിക്കട്ടെയെന്നു പാപ്പാ ആശംസിച്ചു.

രാജ്യത്തിന് മുഴുവനും  ഭാവിയില്‍ എപ്പോഴും സമാധാനം ഉണ്ടാകട്ടെയെന്നു ആശംസിച്ച പാപ്പാ, തന്റെ സൗഹാര്‍ദ്ദപരമായ പരിഗണനയും അറിയിച്ചു. പ്രഭുവിനും, ലക്‌സംബര്‍ഗ് രാഷ്ട്രത്തിനും തന്റെ അപ്പസ്‌തോലിക ആശീര്‍വാദവും പാപ്പാ നല്‍കി.
 

Tags

Share this story

From Around the Web