അമേരിക്ക - ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: അമേരിക്കയും ഇറാനും സമാധാന കരാറില്‍ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്ത് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ലെയോ പാപ്പ. ഇന്നലെ ബുധനാഴ്ച നടത്തിയ പ്രതിവാര പൊതുസമ്മേളനത്തില്‍, ഇറാനും അമേരിക്കയും സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും പാതയില്‍ തുടരണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ അഭ്യര്‍ത്ഥിച്ചു.
മധ്യപൂര്‍വ്വേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തന്റെ പ്രതീക്ഷകള്‍ പ്രകടിപ്പിച്ച ലെയോ പാപ്പ, യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന അഭ്യര്‍ത്ഥനയും നടത്തി. അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഫ്രാന്‍സില്‍വച്ച് ഒപ്പുവെച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സംവാദത്തിന്റെയും ചര്‍ച്ചകളുടെയും ക്ഷമാപൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റെ ഫലമായി, ഒപ്പുവെക്കുന്ന ഇറാനും അമേരിക്കന്‍ ഐക്യനാടുകളും തമ്മിലുള്ള കരാറിനെ സംതൃപ്തിയോടെ സ്വാഗതം ചെയ്യുകയാണെന്നു പാപ്പ പറഞ്ഞു.
സമാധാന ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന് പ്രവര്‍ത്തിച്ച മൂന്നാം കക്ഷി രാജ്യങ്ങള്‍ക്ക് പാപ്പ നന്ദി പറഞ്ഞു. മധ്യേഷ്യയില്‍ പരസ്പര വിശ്വാസം, സുരക്ഷ, സ്ഥിരത എന്നിവ ശക്തിപ്പെടുത്തുന്നതിനും ജനങ്ങള്‍ക്കിടയില്‍ സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും പാതകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ കരാര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലെയോ പാപ്പ കൂട്ടിച്ചേര്‍ത്തു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായി വെഴ്‌സായ് കൊട്ടാരത്തില്‍ നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറില്‍ ഒപ്പുവച്ചതെന്ന് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു യുഎസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കരാര്‍ ഒപ്പുവച്ച വിവരം ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയും സ്ഥിരീകരിച്ചു. കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ പശ്ചിമേഷ്യയെ മൊത്തം ദുരിതത്തിലാഴ്ത്തിയ യുദ്ധത്തിന് അറുതിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.