മാനസികബുദ്ധിമുട്ടുകള്‍ നേരിടുന്ന ആളുകള്‍ക്കിടയില്‍ ആശ്വാസ വാക്കുകള്‍ പങ്കുവച്ച് ലിയോ പാപ്പാ

 
Leo papa

ഭിന്നവിചാരങ്ങളോടെയാണ് ആശുപത്രികളും രോഗങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉള്ള ആളുകൾക്ക് അഭയമേകുന്ന കേന്ദ്രങ്ങളും താൻ സന്ദർശിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പരിശുദ്ധ പിതാവ്, മലാബോയിലെ ഷാൻ പിയർ ഒലീ മാനസീകരോഗാശുപത്രിയിലെ തന്റെ പ്രഭാഷണം ആരംഭിച്ചത്. സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ കാണുമ്പോൾ തന്നിൽ വേദനയും ദുഃഖവും ഉളവാകുന്നുണ്ടെന്നും, തങ്ങളുടെ കുടുംബത്തിലെ രോഗിയായ ഒരു അംഗത്തെ എങ്ങനെ സഹായിക്കണമെന്നോർത്ത് ബുദ്ധിമുട്ടുന്ന ആളുകളെക്കുറിച്ചോർക്കുമ്പോൾ വേദന അനുഭവിക്കാറുണ്ടെന്നും പാപ്പാ പറഞ്ഞു. എന്നാൽ അതേസമയം, മനുഷ്യജീവനുവേണ്ടി ഓരോ ദിവസവും ഈ ഇടങ്ങളിൽ ചെയ്യപ്പെടുന്ന സേവനങ്ങളും ജോലികളും തന്നിൽ അത്ഭുതവും ആശ്വാസവും തോന്നിക്കാറുണ്ടെന്നും പാപ്പാ വ്യക്തമാക്കി.

ഈ ആശുപത്രിയിലും ഇതേ വിചാരങ്ങളാണ് നമ്മിലെവരിലും ഉളവാകുന്നതെങ്കിലും, കർത്താവിന്റെ നാമത്തിൽ ഇവിടെ ഒന്നുചേരുന്നതിലും, ദുർബലമായ അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് ലഭിക്കുന്ന ശുശ്രൂഷകളിലും ഉള്ള ആനന്ദമാണ് കൂടുതലായി താൻ അനുഭവിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

തങ്ങളുടെ ദൗർബല്യങ്ങളെ മറച്ചുവയ്ക്കുന്നതിന് പകരം, അവയെ സ്നേഹത്താൽ പൊതിയുന്ന ഒന്നാണ് യഥാർത്ഥത്തിൽ ഒരു നല്ല സമൂഹം എന്ന, ആശുപത്രി ഡയറക്ടറുടെ വാക്കുകൾ തന്നെ വികാരാധീനനാക്കിയെന്ന് പറഞ്ഞ പാപ്പാ, ഇത്, ക്രൈസ്തവമായ വേരുകളുള്ള ഒരു ചിന്തയാണെന്ന് പ്രസ്താവിച്ചു. ചരിത്രത്തിൽ മാനവികതയെ അതിന്റെ ശിക്ഷയിൽനിന്ന് മോചിപ്പിച്ച് അതിന് അതിന്റെ മഹത്വം തിരികെ നൽകിയത് ക്രിസ്തുവാണെന്ന് പാപ്പാ വിശദീകരിച്ചു. രക്ഷകനായ ക്രിസ്തു, നമ്മെ സാമൂഹികമോ വ്യക്തിപരമോ ആയ തലങ്ങളിൽ നമ്മുടെകൂടി പങ്കാളിത്തമില്ലാതെ രക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ പാപ്പാ, അതുകൊണ്ടുതന്നെ നമ്മുടെ സഹോദരീസഹോദരങ്ങളെ വാക്കുകൾ കൊണ്ട് മാത്രമല്ല, പ്രവർത്തനങ്ങൾ കൊണ്ടും സ്നേഹിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഈ ഭവനം പോലെയുള്ള ശുശ്രൂഷയുടെ ഭവനങ്ങൾക്ക് സ്നേഹസംസ്കാരത്തിന്റെ അടയാളമാകാൻ കഴിയുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

നമ്മെ നാമായിരിക്കുന്നത്പോലെ സ്നേഹിക്കുന്നത് ദൈവം മാത്രമാണെന്ന് പറഞ്ഞ പാപ്പാ, എന്നാൽ നാം നമ്മുടെ രോഗ, സഹനവസ്ഥകളിൽ തുടരുന്നതല്ല, സൗഖ്യപ്പെടുന്നതാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു. സുവിശേഷത്തിലെ യേശുവിൽ ഇത് നമുക്ക് കാണാം. ക്രൈസ്തവമായ പ്രേരണയുൾക്കൊണ്ട് പ്രവർത്തിക്കുന്ന ആശുപത്രികൾ, വ്യക്തികളെ അവരായിരിക്കുന്ന നിലയിൽ കരുതുന്നതും, അവരുടെ ദൗർബല്യങ്ങളിലും ബഹുമാനിക്കുന്നതും, സമഗ്രമായ രീതിയിൽ മെച്ചപ്പെടാൻ സഹായിക്കുന്നതും ആകണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ആദ്ധ്യാത്മികതലവുമായി ബന്ധപ്പെട്ട് ആശുപത്രി ഡയറക്ടർ പറഞ്ഞ വാക്കുകൾ പാപ്പാ പ്രത്യേകം പരാമർശിച്ചു.

ആശുപത്രിയിലെ എല്ലാ രോഗികൾക്കും, പ്രത്യേകിച്ച് കൂടുതൽ ബുദ്ധിമുട്ടുന്നവരും ഒറ്റപ്പെട്ടവരുമായവർക്ക്, തന്റെ സാമീപ്യം അറിയിക്കാൻ ആവശ്യപ്പെട്ട പാപ്പാ ഏവർക്കും പരിശുദ്ധ അമ്മയുടെ സംരക്ഷണം ആശംസിക്കുകയും ആശീർവാദം നൽകുകയും ചെയ്തു.

Tags

Share this story

From Around the Web