ജൂത ശരത്കാല ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അയച്ച് ലെയോ പാപ്പ, കത്തോലിക്കാ സഭയും ജൂതസമൂഹവും തമ്മിലുള്ള സാഹോദര്യവും സ്‌നേഹവും കൂടുതല്‍ ശക്തമാകണം

 
leo papa


വരാനിരിക്കുന്ന ജൂത ശരത്കാല മഹോത്സവങ്ങളുടെയും പ്രധാന ആഘോഷങ്ങളുടെയും പശ്ചാത്തലത്തില്‍, റോമിലെ ചീഫ് റബ്ബി റിക്കാര്‍ഡോ ദി സെഗ്‌നിക്കും റോമിലെയും ലോകമെമ്പാടുമുള്ള ജൂതസമൂഹത്തിനും ലെയോ പതിനാലാമന്‍ പാപ്പ ആശംസകള്‍ അയച്ചു. 


റോഷ് ഹാഷാന (ജൂത പുതുവര്‍ഷം), യോം കിപ്പൂര്‍ (പ്രായശ്ചിത്ത ദിനം), സുക്കോട്ട് (കൂടാരപ്പെരുനാള്‍) എന്നീ ആഘോഷങ്ങളുടെ അവസരത്തിലാണ് പരിശുദ്ധ പിതാവ് തന്റെ അനുഗ്രഹവും സ്‌നേഹവും അറിയിച്ചുകൊണ്ടുള്ള ടെലഗ്രാം സന്ദേശം അയച്ചത്.

ചീഫ് റബ്ബിക്ക് അയച്ച ആശംസാ സന്ദേശത്തില്‍, വരാനിരിക്കുന്ന പുതിയ വര്‍ഷം ദൈവാനുഗ്രഹത്താലും സമാധാനത്താലും സമൃദ്ധമാകട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു. 

ലോകമെമ്പാടും അശാന്തിയും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന ഈ ഘട്ടത്തില്‍, കത്തോലിക്കാ സഭയും ജൂതസമൂഹവും തമ്മിലുള്ള സാഹോദര്യവും സ്‌നേഹവും കൂടുതല്‍ ശക്തമാകേണ്ടതിന്റെ ആവശ്യകതയും മാര്‍പാപ്പ എടുത്തുപറഞ്ഞു.


അതിക്രമങ്ങളും സമാധാനക്കേടും നിറഞ്ഞ ലോകത്ത്, നീതിയും സമാധാനവും പുലരുന്നതിനായി ഒന്നിച്ച് പ്രാര്‍ഥിക്കാനും പ്രവര്‍ത്തിക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ എന്ന് മാര്‍പാപ്പ ആശംസിച്ചു. വര്‍ഷങ്ങളായി ജൂതസമൂഹത്തിന്റെ പ്രധാന ആഘോഷവേളകളില്‍ മാര്‍പാപ്പമാര്‍ ടെലഗ്രാം വഴിയും സന്ദേശങ്ങള്‍ വഴിയും ആശംസകള്‍ അറിയിക്കുന്ന പതിവുണ്ട്. വത്തിക്കാനും ജൂതസമൂഹവും തമ്മിലുള്ള ആത്മീയവും സൗഹൃദപരവുമായ ബന്ധം കൂടുതല്‍ ആഴമുള്ളതാക്കാന്‍ ഇത്തരം ആശംസകള്‍ സഹായിക്കുന്നു.
 

Tags

Share this story

From Around the Web