വിശ്വാസത്തിന്റെ പരസ്യസാക്ഷ്യമാണ് ദിവ്യകാരുണ്യപ്രദക്ഷിണം: ലിയോ  പാപ്പാ

 
Papa

ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാളുമായി ബന്ധപ്പെട്ട പ്രദക്ഷിണം പ്രോത്സാഹിപ്പിച്ചും, വിശ്വാസജീവിതത്തിൽ അതിനുള്ള പ്രാധാന്യം എടുത്തുകാട്ടിയും ലിയോ പതിനാലാമൻ പാപ്പാ. ജൂൺ മൂന്നാം തീയതി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിൽ ചത്വരത്തിലുണ്ടായിരുന്ന ഇരുപത്തിനായിരത്തിൽപ്പരം ആളുകളോട് സംസാരിക്കവെ, വിശ്വാസത്തിന്റെ പരസ്യസാക്ഷ്യമാണ് ദിവ്യകാരുണ്യപ്രദക്ഷിണമെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

ലത്തീൻ പ്രയോഗമനുസരിച്ച് "കോർപുസ് ക്രിസ്റ്റി" എന്ന പേരിൽ അറിയപ്പെടുന്ന, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാൾ ഈ ആഴ്ചയിൽ നാം ആചരിക്കുകയാണെന്ന് അനുസ്മരിച്ച പാപ്പാ, നമുക്കായി മുറിക്കപ്പെട്ടതും നമുക്കേവർക്കുമായി നൽകപ്പെട്ടതുമായ അപ്പമായ യേശുവിനെയാണ് വിശുദ്ധ കുർബാനയിൽ നാം ധ്യാനിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട "ജനകീയ ഭക്തിയുടെ" ഭാഗമാണ്, വിശുദ്ധ കുർബാന എഴുന്നെള്ളിച്ചുകൊണ്ട് നിരവധി രാജ്യങ്ങളിലെ വഴികളിലൂടെ നടക്കുന്ന ദിവ്യകാരുണ്യപ്രദക്ഷിണം എന്ന് പറഞ്ഞ പാപ്പാ, ഈയവസരത്തിൽ, വിശ്വാസത്തിന്റെ പരസ്യ സാക്ഷ്യവും, മനോഹരവുമായ ഈയൊരു പ്രകടനം സജീവമായി തുടരാൻ ഏവരെയും ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web