ദുരന്തമുഖത്ത് 'പ്രാര്‍ത്ഥനയെന്ന ആയുധം' കൈവിടരുത്: സുഡാന്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ലെയോ പാപ്പ

 
leo pa


വത്തിക്കാന്‍ സിറ്റി: വടക്കന്‍ ആഫ്രിക്കയിലെ സുഡാനില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ അതീവ ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമന്‍ പാപ്പ. 

സുഡാനീസ് സായുധ സേനയും, അര്‍ദ്ധമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള പോരാട്ടം സാധാരണക്കാരായ സുഡാനിലെ ജനതയുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് പറഞ്ഞ പാപ്പ, സമാധാനത്തിനായിയുള്ള ആഹ്വാനം ആവര്‍ത്തിച്ചു. 
ഇന്നലെ ഓഗസ്റ്റ് ഒന്‍പതാം തീയതി, വത്തിക്കാന്‍ ചത്വരത്തില്‍ നടത്തിയ മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് പാപ്പ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

ഒന്നര ലക്ഷത്തിലധികം ആളുകള്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. സാധാരണക്കാര്‍ കൂട്ടക്കൊല ചെയ്യപ്പെടുകയും, രാജ്യം വന്‍ ക്ഷാമത്തിലേക്കും, ആരോഗ്യരംഗം വെല്ലുവിളികളിലേക്കും തള്ളപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുഡാനിലെ, പ്രത്യേകിച്ച് വടക്കന്‍ കോര്‍ദോഫാന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ 'എല്‍-ഒബെയ്ദ്' നഗരത്തിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സുഡാനിലെ ജനങ്ങളോടുള്ള തന്റെ ആത്മീയ സാമീപ്യം അറിയിച്ച പാപ്പ, പ്രാദേശിക - അന്തര്‍ദേശീയ ഭരണാധികാരികളോട് സമാധാന അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.


പൗരന്മാര്‍ക്ക് സഹായമെത്തിക്കുന്നതിനായി മാനുഷിക ഇടനാഴികള്‍ ഉറപ്പാക്കണമെന്ന് ഞാന്‍ ഭരണാധികാരികളോട് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം, സുഡാനില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ആവശ്യമായ പരിശ്രമങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹം പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും ആഹ്വാനം ചെയ്യുകയാണെന്നും പാപ്പ പറഞ്ഞു. ഈ ദുരന്തമുഖത്ത് പ്രാര്‍ത്ഥനയെന്ന 'ആയുധം' കൈവിടരുതെന്ന് അദ്ദേഹം ക്രൈസ്തവരെ ഓര്‍മ്മിപ്പിച്ചു. 'കഷ്ടത അനുഭവിക്കുന്നവരെ ദൈവം താങ്ങുന്നതിനായും, അക്രമം വിതയ്ക്കുന്നവരുടെ ഹൃദയപരിവര്‍ത്തനത്തിനായും, രാജ്യം കാത്തിരിക്കുന്ന സമാധാനം കൈവരുന്നതിനായും നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും' പാപ്പ പറഞ്ഞു.

2023 ഏപ്രിലില്‍ ആരംഭിച്ച സുഡാന്‍ സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ഞടഎ) തമ്മിലുള്ള യുദ്ധം ഇപ്പോള്‍ കൊര്‍ദോഫാന്‍, ഡാര്‍ഫര്‍, ബ്ലൂ നൈല്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ രൂക്ഷമാണ്. കൂട്ടക്കൊലകള്‍, വംശീയ ആക്രമണങ്ങള്‍, വിവിധ തരത്തിലുള്ള ക്രൂരതകള്‍ എന്നിവയെ തുടര്‍ന്നു ആയിരകണക്കിന് നിരപരാധികള്‍ക്കാണ് ജീവന്‍ നഷ്ട്ടമായിരിക്കുന്നത്.

Tags

Share this story

From Around the Web