ലെബനനും മദ്ധ്യപൂർവ്വദേശങ്ങൾക്കും വേണ്ടി പ്രാർത്ഥനയോടെ ലിയോ പാപ്പാ
ആഗോള തലത്തിൽ വർദ്ധിച്ചു വരുന്ന സംഘർഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തിൽ, സമാധാനം സംരക്ഷിക്കുന്നതിനുള്ള ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശവും, സമാധാനം സംരക്ഷിക്കാനുള്ള യൂറോപ്പിന്റെ പ്രതിബദ്ധത പുതുക്കണമെന്ന പരിശുദ്ധ സിംഹാസനത്തിന്റെ ആഹ്വാനവും ആവർത്തിച്ച് ഓർമ്മിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ. മെയ് 19 ചൊവ്വാഴ്ച, ഫ്രാൻസിലെ സ്ട്രാസ്‌ബർഗിൽ ചേർന്ന യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ പ്ലീനറി സമ്മേളനത്തിൽ, യൂറോപ്യൻ ഏകീകരണത്തിനും യൂറോപ്യൻ മൂല്യങ്ങളുടെ സംരക്ഷണത്തിനും പ്രചാരണത്തിനും നിർണായക സംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് നൽകുന്ന ആദ്യ “യൂറോപ്യൻ ഓർഡർ ഓഫ് മെറിറ്റ്” പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച വേളയിലാണ് കർദിനാൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ജനങ്ങൾ തമ്മിലുള്ള ഐക്യവും സഹവർത്തിത്വവും യൂറോപ്യൻ യൂണിയന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിക്ഷിപ്തമായ ഒരു “വാഗ്ദാനമാണെന്നും” അത് സമാധാനം സംരക്ഷിക്കുന്നതിനായുള്ള വ്യക്തമായ തീരുമാനങ്ങളിലൂടെ നിരന്തരം പോഷിപ്പിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിന്റെ ക്രൈസ്തവ പാരമ്പര്യത്തിൽ വേരൂന്നിയ മൂല്യങ്ങളാണ് സമാധാനം പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഇവിടുത്തെ സമൂഹത്തെ പ്രചോദിപ്പിക്കുന്നതെന്ന് ഓർമ്മപ്പെടുത്തിയ കർദിനാൾ, മനുഷ്യന്റെ അന്തസ്സ് ഒരിക്കലും ലംഘിക്കപ്പെടരുതാത്തതാണെന്നും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഊന്നിപ്പറഞ്ഞു. സമാധാനത്തിന്റെ നിർമ്മിതിയിൽ യൂറോപ്യൻ യൂണിയനിലെ മറ്റു പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സന്നദ്ധതയെയും കർദിനാൾ വ്യക്തമാക്കി.
യൂറോപ്യൻ ഐക്യത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്ന ഷുമാൻ പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് “യൂറോപ്യൻ ഓർഡർ ഓഫ് മെറിറ്റ്” ബഹുമതി ഏർപ്പെടുത്തപ്പെട്ടത്. യൂറോപ്യൻ യൂണിയൻ ഇത്തരത്തിൽ നൽകുന്ന ആദ്യ യൂറോപ്യൻ ബഹുമതിയാണിത്. സമാധാനം, ജനാധിപത്യം, മനുഷ്യാന്തസ്സ് എന്നിവ സംരക്ഷിക്കുന്നവരെ ആദരിക്കുന്നതിലൂടെ യൂറോപ്പിന്റെ സംയുക്ത മൂല്യങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.