വെനിസ്വേലയിലെ ദുരിതബാധിതര്‍ക്ക് ഒരു കോടി രൂപയുടെ സഹായവുമായി ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി/ കാരക്കാസ്: വെനിസ്വേലയിലെ ഭൂകമ്പങ്ങള്‍ മൂലം സര്‍വ്വതും നഷ്ട്ടമായ ജനത്തിന് സഹായവുമായി ലെയോ പാപ്പ.
പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം വത്തിക്കാന്റെ കാരുണ്യസേവന വിഭാഗത്തിലൂടെ ദുരിതബാധിതരുടെ ക്ഷേമത്തിനായി ഒരു ലക്ഷം യൂറോ (ഏകദേശം പത്തു മില്യണ്‍ രൂപ)യാണ് കൈമാറിയിരിക്കുന്നത്.
ഭൂകമ്പമുണ്ടായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആദ്യ ഗഡുവായി തുക നല്‍കിയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
നേരത്തെ ഇറ്റാലിയന്‍ കത്തോലിക്ക മെത്രാന്‍ സമിതി വെനിസ്വേലയ്ക്ക് അഞ്ചു ലക്ഷം യൂറോയുടെ സഹായം ലഭ്യമാക്കിയിരിന്നു. ദുരിത ബാധിത മേഖലയില്‍ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്തുണ്ട്.
ജൂണ്‍ 24 ബുധനാഴ്ച വൈകുന്നേരമാണ് വെനിസ്വേലയുടെ തലസ്ഥാനത്തിന് വടക്കുള്ള ഗ്വയിര സംസ്ഥാനത്ത്, റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളുണ്ടായത്. നിലവിലെ കണക്കുകള്‍ പ്രകാരം ആയിരത്തിലധികം പേരാണ് മരണമടഞ്ഞിരിക്കുന്നത്. ദിനം പ്രതി മരണസംഖ്യ ഉയരുകയാണ്.
നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. മരണമടഞ്ഞ ആളുകളുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ഏതാണ്ട് അന്‍പതിനായിരത്തോളം ആളുകള്‍ ഭവനരഹിതരായി. ഭവനരഹിതരായ ആളുകള്‍ക്കുവേണ്ടി രാജ്യത്തുടനീളം ഇടവകകള്‍ സംയുക്തമായി പ്രവര്‍ത്തനം നടത്തി വരുന്നുണ്ട്.