ബംഗ്ലാദേശില്‍ പുതിയ ഒരു രൂപത കൂടി സ്ഥാപിച്ച് ലിയോ പാപ്പാ

 
Bangaldesh

ബംഗ്ലാദേശില്‍, രാജ്ഷാഹി രൂപതയില്‍ നിന്നും ദിനാജ്പൂര്‍ രൂപതയില്‍ നിന്നും വേര്‍പെടുത്തി, ധാക്ക മെട്രോപൊളിറ്റന്‍ അതിരൂപതയുടെ കീഴില്‍, ജോയ്പുര്‍ഹാത്ത് എന്ന ഒരു പുതിയ രൂപത കൂടി  ലിയോ പതിനാലാമന്‍ സ്ഥാപിച്ചു.
പുതുതായി സ്ഥാപിച്ച രൂപതയുടെ ആദ്യ മെത്രാനായി, രാജ്ഷാഹി രൂപതയിലെ വൈദികനായ മോണ്‍സിഞ്ഞോര്‍ പോള്‍ ഗോമസിനെ  പാപ്പാ നിയമിച്ചു.

ഖഞ്ചന്‍പൂരിലെ ഇടവക പള്ളി താല്‍ക്കാലികമായി പുതിയ രൂപതയുടെ കത്തീഡ്രല്‍ പള്ളിയാണ്. രൂപതയുടെ മധ്യസ്ഥരായി വിശുദ്ധ പത്രോസിനേയും പൗലോസിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ രൂപതയില്‍ ഇരുപതിനാലായിരത്തിലധികം കത്തോലിക്കാരാണ് നിലവിലുളളത്. 

പതിനൊന്നു ഇടവകകളിലായി, എട്ട് രൂപതാവൈദികരും , ഏഴ് സന്യാസ  വൈദികരുമാണ് പുതിയ രൂപതയില്‍ തത്സമയം സേവനം ചെയ്യുന്നത്. ഇരുപത്തിയെട്ടു വൈദിക വിദ്യാര്‍ഥികള്‍ പുതിയ രൂപതയ്ക്കുവേണ്ടി പരിശീലനം നേടുന്നു.

മോണ്‍സിഞ്ഞോര്‍ പോള്‍ ഗോമസ്, ധാക്കയിലെ ബനാനി ഹോളി സ്പിരിറ്റ് മേജര്‍ സെമിനാരിയുടെ റെക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. 1992 ഡിസംബര്‍ 29 നാണ് വൈദികനായി അഭിഷിക്തനായത്. 

മനിലയിലെ സെന്റ് തോമസ് സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web