ലോക പ്രശസ്തമായ ബാഴ്‌സലോണയിലെ തിരുക്കുടുംബ ബസിലിക്കയുടെ ഗോപുരം ആശീര്‍വദിച്ച് ലെയോ പാപ്പ
ബാഴ്‌സലോണ: ലോക പ്രശസ്തമായ ബാഴ്‌സലോണയിലെ സഗ്രഡ ഫാമിലിയ ബസിലിക്കയിലെ യേശുക്രിസ്തുവിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട മധ്യ ഗോപുരം ആശീര്‍വദിച്ച് പാപ്പ. ശില്പിയായ ആന്റണി ഗൗഡിയുടെ മരണത്തിന്റെ 100-ാം വാർഷികമായ ഇന്നലെ ജൂൺ 10ന്, ലെയോ പതിനാലാമൻ മാർപാപ്പ ദേവാലയത്തില്‍ ദിവ്യബലി അർപ്പിച്ചു. സന്ദര്‍ശനത്തിനിടെ നൂറ്റാണ്ടുകളായി നിര്‍മ്മാണത്തിലിരിക്കുന്ന ദേവാലയത്തിലെ യേശുക്രിസ്തുവിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട മധ്യ ഗോപുരം ആശീർവദിക്കുകയും വാസ്തുശില്പിയായ അന്‍റോണിയോ ഗൗഡിയുടെ ശവകുടീരം സന്ദർശിക്കുകയും ചെയ്തു.
ദൈവവചനത്തിനും ദിവ്യകാരുണ്യത്തിനും ചുറ്റും ആളുകളെ ഒന്നിപ്പിക്കുന്ന ഐക്യത്തിന്റെ അടയാളമായാണ് പാപ്പ ബസിലിക്കയെ വിശേഷിപ്പിച്ചത്. ബസിലിക്കയുടെ തുടർച്ചയായ നിർമ്മാണം, ദൈവം നിരന്തരം പൂർത്തിയാക്കുന്ന ഒരു പ്രവൃത്തിയായി ക്രിസ്തീയ ജീവിതത്തെ പ്രതീകപ്പെടുത്തുന്നുവെന്നും, തന്റെ പദ്ധതിയിൽ സഹകരിക്കാൻ വിശ്വാസികളെ ക്ഷണിക്കുന്നുവെന്നും പാപ്പ പറഞ്ഞു. 1882-ല്‍ നിർമ്മാണം ആരംഭിച്ച ബസിലിക്കയുടെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അന്‍റോണിയോ ഗൗഡി എന്ന പ്രമുഖ ആര്‍ക്കിടെക്ട്ടാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.
അടിയുറച്ച കത്തോലിക്ക വിശ്വാസിയായ ഗൗഡി തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഈ സ്വപ്നപദ്ധതിയ്ക്കായാണ് ചെലവഴിച്ചത്. 1926ൽ ഗൗഡി മരിക്കുമ്പോൾ ദേവാലയ നിർമ്മാണം വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു. ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ബസിലിക്കയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചിരുന്നു. 45 ലക്ഷത്തോളം ആളുകളാണ് ഈ ദേവാലയം വർഷംതോറും സന്ദർശിക്കുന്നത്. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സഗ്രഡ ഫാമിലിയ ഇടംപിടിച്ചിരുന്നു.