യുക്രൈനിലെ ജനതയ്ക്കു വീണ്ടും ലെയോ പാപ്പയുടെ സഹായം; 3 ട്രക്ക് ഭക്ഷണ വിഭവങ്ങളെത്തിച്ചു
കീവ്: റഷ്യ നടത്തുന്ന കടുത്ത ബോംബാക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനതയ്ക്കു വീണ്ടും സഹായവുമായി ലെയോ പാപ്പ.
രാജ്യത്തു കൂടുതല്‍ ദുരിതം നേരിടുന്ന മേഖലകളിലേക്ക് മാനുഷിക സഹായവുമായി മൂന്ന് ട്രക്കുകള്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ യുക്രൈനില്‍ അയച്ചു.
ഇറച്ചി വിഭവങ്ങളും പച്ചക്കറികളും ചേര്‍ത്ത് ഊര്‍ജ്ജ സമ്പുഷ്ടമായ സൂപ്പുകള്‍ തയാറാക്കാവുന്ന വെള്ളത്തില്‍ ലയിപ്പിക്കാന്‍ കഴിയുന്ന പ്രത്യേക ഭക്ഷണമാണ് ട്രക്കില്‍ പ്രധാനമായും ഉണ്ടായിരിന്നതെന്ന് പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്‌കി പറഞ്ഞു.
ഡിസംബര്‍ 28ന് ആഘോഷിച്ച തിരുകുടുംബത്തിന്റെ തിരുനാള്‍ ആചരണത്തിന്റെ ഭാഗമായാണ് യുക്രേനിയന്‍ കുടുംബങ്ങളോടുള്ള മാര്‍പാപ്പയുടെ അടുപ്പത്തിന്റെ സഹായമെന്ന് കര്‍ദ്ദിനാള്‍ ക്രജേവ്സ്‌കി വിശേഷിപ്പിച്ചു.
ദക്ഷിണ കൊറിയന്‍ ഭക്ഷ്യ കമ്പനിയായ സാംയാങ് ഫുഡ്സ് സംഭാവന ചെയ്ത ഭക്ഷ്യവസ്തുക്കള്‍ നിറച്ച ട്രക്കുകള്‍ ക്രിസ്തുമസിന് തൊട്ടുമുമ്പ് വത്തിക്കാനില്‍ എത്തിച്ചിരിന്നു. വൈകാതെ ഉപവികാര്യാലയം യുക്രൈനിലെ ദുരിതബാധിത മേഖലകളില്‍ സഹായമെത്തിക്കുകയായിരിന്നു.
സമാധാനത്തിനായി പ്രാര്‍ത്ഥിക്കുക മാത്രമല്ല, ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സാന്നിധ്യംകൊണ്ട് സഹായിക്കുവാനും പാപ്പ ആഗ്രഹിക്കുന്നതിന്റെ അടയാളമാണ് സഹായമെന്നും കര്‍ദ്ദിനാള്‍ ക്രജേവ്സ്‌കി പറഞ്ഞു.
കഴിഞ്ഞ ജൂലൈ മാസത്തില്‍ ലെയോ പതിനാലാമന്‍ പാപ്പയുടെ നിര്‍ദ്ദേശാനുസരണം ഉപവി കാര്യാലയം യുക്രൈനിലെ ഖാര്‍ക്കിവിലെ കുടുംബങ്ങള്‍ക്ക് സഹായം എത്തിച്ചിരിന്നു.
യുക്രൈനെ നിരവധി തവണ സഹായിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ ജീവിത മാതൃക പിന്തുടര്‍ന്ന് ലെയോ പതിനാലാമന്‍ പാപ്പയും രാജ്യത്തു ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.