ലോക സമാധാനത്തിനായി ലെയോ പാപ്പയുടെ നേതൃത്വത്തിൽ ആഗോള ജപമാല പ്രാർഥന
ലോകമെമ്പാടും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ മെയ് 30-ന് ആഗോള ജപമാല പ്രാർഥന സംഘടിപ്പിക്കുന്നു. വത്തിക്കാനിലെ സുവിശേഷവൽക്കരണത്തിനായുള്ള ഡികാസ്റ്ററി (Dicastery for Evangelization) ഏകോപിപ്പിക്കുന്ന ഈ പ്രാർഥനയിൽ പങ്കുചേരാൻ ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്യുന്നു.
റോം സമയം മെയ് 30 വൈകുന്നേരം ഏഴ് മണിക്ക് വത്തിക്കാൻ ഗാർഡനിലെ ലൂർദ് ഗ്രോട്ടോയിൽ നിന്ന് മാർപാപ്പ പ്രാർഥനയ്ക്ക് നേതൃത്വം നൽകും. വാഷിംഗ്ടൺ ഡി.സി.യിലെ ബസിലിക്ക ഓഫ് ദി നാഷണൽ ഷ്രൈൻ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ റെക്ടർ മോൺസിഞ്ഞോർ വാൾട്ടർ ആർ. റോസിയും മാർപാപ്പയോടൊപ്പം പ്രാർഥനയിൽ പങ്കുചേരും. അമേരിക്കൻ സമയം (ET) ഉച്ചയ്ക്ക് ഒരു മണിക്ക് വാഷിംഗ്ടണിലെ ബസിലിക്കയിൽ നിന്നും ഇത് തത്സമയം സംപ്രേഷണം ചെയ്യും.
ലോകത്തിലെ പ്രമുഖ മരിയൻ തീർഥാടന കേന്ദ്രങ്ങൾ ഈ ആഗോള പ്രാർഥനാ യജ്ഞത്തിൽ പങ്കാളികളാകുന്നുണ്ട്. ഉക്രൈനിലെ ഷ്രൈൻ ഓഫ് ദി മദർ ഓഫ് ഗോഡ് (സർവാനിറ്റ്സ്യ), ഫിലിപ്പീൻസിലെ ഇന്റർനാഷണൽ ഷ്രൈൻ ഓഫ് അവർ ലേഡി ഓഫ് പീസ് ആൻഡ് ഗുഡ് വോയേജ് (ആന്റിപോളോ), പോർച്ചുഗലിലെ ഫാത്തിമ മാതാവിന്റെ തീർഥാടന കേന്ദ്രം, ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ മെഡ്ജുഗോറിയെ രാജ്ഞിയുടെ പുണ്യകേന്ദ്രം, ഫ്രാൻസിലെ ലൂർദ് മാതാവിന്റെ തീർഥാടന കേന്ദ്രം, ലെബനനിലെ സെന്റ് ചാർബെൽ അന്നായ (ബൈബ്ലോസ്), ഇറ്റലിയിലെ ലൊറേറ്റോ പോന്തിഫിക്കൽ ഷ്രൈൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.