ലെയോ പാപ്പ ലാറ്റിന്‍ അമേരിക്കയിലേക്ക്. നവംബറില്‍ ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും
വത്തിക്കാന്‍ സിറ്റി: ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രത്തലവന്മാരുടെയും സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ച് ലെയോ പാപ്പ നവംബറില്‍ സന്ദര്‍ശനം നടത്തും.
മാര്‍പാപ്പയായതിന് ശേഷം ലെയോ പാപ്പ ലാറ്റിന്‍ അമേരിക്കയിലേക്കു നടത്തുന്ന ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമായിരിക്കും ഇത്. നവംബര്‍ 6 മുതല്‍ 17 വരെ നീളുന്ന 11 ദിവസം നീണ്ട യാത്രയില്‍ മാര്‍പാപ്പ ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക.
ഓരോ രാജ്യത്തെയും പ്രധാനപ്പെട്ട നഗരങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഇടയസന്ദര്‍ശനം നടത്താനുള്ള ക്ഷണം രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരില്‍ നിന്നും സഭാധികാരികളില്‍ നിന്നും മാര്‍പാപ്പ സ്വീകരിച്ചതായി ഇന്നു വത്തിക്കാന്‍ അറിയിച്ചു.
യാത്രയുടെ ആദ്യ ഘട്ടം ഉറുഗ്വേയിലാണ് നടക്കുക. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായ ഉറുഗ്വേയില്‍ നവംബര്‍ 6 മുതല്‍ 8 വരെയാണ് സന്ദര്‍ശനം നടത്തുക.
ഈ ദിവസങ്ങളില്‍ അദ്ദേഹം മോണ്ടെവീഡിയോ, പൈസാണ്ടു, ഫ്‌ലോറിഡ എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കും. ഇതിന് ശേഷം നവംബര്‍ 8 മുതല്‍ 11 വരെ അര്‍ജന്റീനയില്‍ അപ്പസ്‌തോലിക സന്ദര്‍ശനം നടത്തും.
ബ്യൂണസ് അയേഴ്‌സ്, കോര്‍ഡോബ, രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ 'ഔര്‍ ലേഡി ഓഫ് ലുജാന്‍' മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം എന്നിവ സന്ദര്‍ശിക്കുന്നത് ഈ യാത്രാപരിപാടിയില്‍ ഉള്‍പ്പെടുന്നു.
യാത്രയുടെ അവസാന ഘട്ടം നവംബര്‍ 11 മുതല്‍ 17 വരെ പെറുവിലാണ് നടക്കുക. 2015 മുതല്‍ ലെയോ പാപ്പയ്ക്ക് പൗരത്വമുള്ള രാജ്യമാണ് പെറു.
മുന്‍പ് 2014-ല്‍ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററായും 2015 സെപ്റ്റംബര്‍ മുതല്‍ ചിക്ലായോയിലെ ബിഷപ്പായും ലെയോ പാപ്പ സേവനം ചെയ്ത രാജ്യമാണ് പെറു.
അന്നത്തെ തങ്ങളുടെ മെത്രാന്‍ ആഗോള സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തുന്ന ആദ്യ സന്ദര്‍ശനത്തിനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് പെറുവിലെ വിശ്വാസികള്‍.
ലിമ, ചിക്ലായോ, കുസ്‌കോ, പുക്കാല്‍പ എന്നീ നഗരങ്ങള്‍ അപ്പസ്‌തോലിക സന്ദര്‍ശനത്തിനിടെ പാപ്പ സന്ദര്‍ശിക്കും.