കുടിയേറ്റക്കാരുടെ കണ്ണീരൊപ്പാൻ ലാംബെദൂസയിൽ ലിയോ പാപ്പ; രക്ഷാപ്രവർത്തനത്തിന്റെ പ്രതീകമായി 'മോളോ ഫാവലോറോ' ആശീർവദിച്ചു

 
222

ലാംബെദൂസ: മെഡിറ്ററേനിയൻ കടൽ കടന്ന് മരണത്തെ തോൽപ്പിച്ച് എത്തുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ പ്രത്യാശയുടെ തുരുത്തായ ലാംബെദൂസയിൽ ലിയോ പതിനാലാമൻ മാർപാപ്പയുടെ അജപാലന സന്ദർശനം. ഫ്രാൻസിസ് പാപ്പയുടെ ചരിത്രപരമായ സന്ദർശനത്തിന്റെ സ്മരണ പുതുക്കിക്കൊണ്ട് ജൂലൈ നാലിനാണ് ലിയോ പാപ്പ ഈ ദ്വീപിലെത്തിയത്. മനുഷ്യത്വത്തിന്റെയും അതിജീവനത്തിന്റെയും ആഴത്തിലുള്ള പ്രതീകമായി മാറിയ 'മോളോ ഫാവലോറോ' എന്ന കോൺക്രീറ്റ് ശില പാപ്പ ആശീർവദിച്ചു.

ലാംബെദൂസയിലെത്തിയ പാപ്പയെ മേയർ ഡോ. ഫിലിപ്പോ മന്നിനോയുടെ നേതൃത്വത്തിൽ ഉഷ്മളമായി സ്വീകരിച്ചു. "പാപ്പയുടെ സാന്നിധ്യം ഞങ്ങൾക്ക് വലിയൊരു സമ്മാനമാണ്. ഒപ്പം വലിയൊരു ഉത്തരവാദിത്തവും," മേയർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ജീവിതവും അന്തസും തേടി അലയുന്നവരുടെ വേദനകൾ ഏറ്റവും അടുത്തറിയുന്നവരാണ് ലാംബെദൂസയിലെ ജനങ്ങളെന്നും അദേഹം കൂട്ടിച്ചേർത്തു.

നീണ്ട പ്രഭാഷണങ്ങൾക്കപ്പുറം ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ പരമോന്നത അടയാളമായ വിശുദ്ധ കുർബാന അർപ്പിക്കാനാണ് താൻ എത്തിയതെന്ന് പാപ്പ പറഞ്ഞു. "നമുക്കായി അപ്പം മുറിക്കുമ്പോൾ അത് നമ്മുടെ പങ്കുവയ്ക്കലിനും സ്നേഹത്തിനും പുതിയ അർത്ഥം നൽകുന്നു. ഈ ദ്വീപിൽ വാക്കുകളേക്കാൾ കൂടുതൽ സംവദിക്കുന്നത് നമ്മുടെ ശരീരഭാഷയാണ്. എന്നാൽ ആ ഭാഷയ്ക്ക് മാനുഷികമായ സ്പർശം ലഭിക്കണമെങ്കിൽ ഹൃദയം കൂടിയേ തീരൂ," പാപ്പ തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.

കുടിയേറ്റക്കാരുടെ ദുരിതങ്ങൾക്കും പ്രത്യാശകൾക്കും സാക്ഷ്യം വഹിക്കുന്ന ലാംബെദൂസയിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പുതിയൊരു അധ്യായം കുറിച്ചാണ് ലിയോ പാപ്പ മടങ്ങിയത്.

Tags

Share this story

From Around the Web