നിര്‍ധനരായ സഹോദരങ്ങള്‍ക്ക് ലെയോ പാപ്പയുടെ നേതൃത്വത്തില്‍ സ്‌നേഹവിരുന്ന്
വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ അതിര്‍ത്തിക്കുള്ളില്‍, വിവിധ കത്തോലിക്ക സഭാകൂട്ടായ്മയുടെ സേവനം സ്വീകരിക്കുന്ന നിര്‍ധനരായ സഹോദരങ്ങള്‍ക്കു സ്‌നേഹ വിരുന്ന് ഒരുക്കുവാന്‍ വത്തിക്കാന്‍ ഒരുങ്ങുന്നു.
മറ്റന്നാള്‍ ജൂലൈ പതിനൊന്നാം തീയതി പാപ്പയുടെ വേനല്‍ക്കാലവസതിയായ കാസല്‍ ഗന്ധോല്‍ഫോയിലെ ലൗദാത്തോ സി ഗ്രാമത്തില്‍വെച്ച്, ഇവരോടൊപ്പം ലെയോ പാപ്പ ഉച്ചഭക്ഷണം കഴിക്കും.
റോം രൂപതയിലെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ഇരുനൂറോളം പേര്‍ക്കാണ് വിരുന്ന് ഒരുക്കുന്നത്. വിരുന്നിന് മുന്നോടിയായി വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കും.
തുടര്‍ന്ന് ബോര്‍ഗോ ലൗദാത്തോ സിയിലെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള സന്ദര്‍ശനവും പാപ്പ നടത്തും. ഇതേ തുടര്‍ന്നാണ് പാവങ്ങളോടൊപ്പം ലെയോ പാപ്പ ഉച്ചഭക്ഷണം കഴിക്കുക.
ദാരിദ്ര്യം അനുഭവിക്കുന്നവര്‍, അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് ഈ വിരുന്നില്‍ അതിഥികളായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ന് അല്‍ബാനോ രൂപതയിലെ പാവപ്പെട്ടവര്‍ക്കൊപ്പം ലെയോ പതിനാലാമന്‍ പാപ്പ നടത്തിയ വിരുന്ന്, അനേകര്‍ക്ക് വലിയ സന്തോഷം പ്രദാനം ചെയ്തതില്‍ നിന്നുമാണ്, ഇത്തരമൊരു വാര്‍ഷിക പരിപാടിക്ക് രൂപം നല്‍കിയതെന്നു വത്തിക്കാന്‍ അറിയിച്ചു.
'സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ ലൗദാത്തോ സി'യുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും വ്യത്യസ്ത രൂപതകളില്‍ നിന്നുള്ള നിര്‍ധനരായ ആളുകളെ ഉള്‍പ്പെടുത്തി ഈ സംഗമം സംഘടിപ്പിക്കുന്നുണ്ട്.
സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സഹോദരങ്ങള്‍ക്ക് പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനും പരിശുദ്ധ പിതാവുമായി സമയം ചെലവഴിക്കാനും അവസരം നല്‍കുന്നതാണ് പരിപാടി.
കാരുണ്യ സേവനങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി, ലൗദാത്തോ സി സെന്റര്‍, റോം രൂപത എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഇത്തവണത്തെ പരിപാടി നടക്കുന്നത്.