ആഫ്രിക്കയിലേക്കുള്ള തന്റെ അപ്പസ്തോലികയാത്രയുടെ വിവരങ്ങൾ പങ്കുവച്ചും ഏവർക്കും നന്ദിയേകിയും ലിയോ  പാപ്പാ

 
Leo papa

ഏപ്രിൽ 13 മുതൽ 23 വരെ നീണ്ട ലിയോ പതിനാലാമൻ പാപ്പായുടെ മൂന്നാമതെത്തും, ആഫ്രിക്കയിലേക്കുള്ള ആദ്യത്തേതുമായ സുദീർഘവും തികച്ചും അനുഗ്രഹീതവുമായ അപ്പസ്തോലികയാത്രയ്ക്ക് ശേഷം, ഏപ്രിൽ 29 ബുധനാഴ്ച പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിവുപോലെ ഉദ്‌ബോധനം നടത്തി. 

പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് അവിടെയുണ്ടായിരുന്ന ഇരുപത്തയ്യായിരത്തോളം വരുന്ന ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. 

ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ടിരുന്ന വേദിയിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് ഒന്നരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.

"അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗ്വിനി എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലികയാത്ര"യുമായി ബന്ധപ്പെട്ടായിരുന്നു ഏപ്രിൽ 29 ബുധനാഴ്ച പരിശുദ്ധ പിതാവ് പ്രഭാഷണം നടത്തിയത്. പ്രഭാഷണത്തിന് മുൻപായി വിശുദ്ധ മത്തായി അറിയിച്ച സുവിശേഷം ഇരുപത്തിയെട്ടാം അദ്ധ്യായം പതിനാറ് മുതൽ ഇരുപത് വരെയുള്ള സുവിശേഷഭാഗം വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു.

"യേശു നിർദ്ദേശിച്ചതുപോലെ പതിനൊന്ന് ശിഷ്യന്മാരും ഗലീലിയിലെ മലയിലേക്കു പോയി. അവനെക്കണ്ടപ്പോൾ അവർ അവനെ ആരാധിച്ചു. എന്നാൽ, ചിലർ സംശയിച്ചു. യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു. ആകയാൽ, നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നൽകുവിൻ. ഞാൻ നിങ്ങളോട് കൽപിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28, 18-20).

വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം, സ്വാഗതം!

ഏപ്രിൽ 13 മുതൽ 23 വരെ തീയതികളിൽ, അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗ്വിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചുകൊണ്ട്, ഞാൻ നടത്തിയ അപ്പസ്തോലികയാത്രയെപ്പറ്റി സംസാരിക്കാനാണ് ഇന്ന് ഞാൻ ആഗ്രഹിക്കുന്നത്.

എന്റെ പൊന്തിഫിക്കേറ്റിന്റെ ആദ്യം മുതലേ, ആഫ്രിക്കയിലേക്ക് ഒരു യാത്ര നടത്തുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. ഇടയനെന്ന നിലയിൽ, ദൈവജനത്തെ കാണാനും, അവരെ ധൈര്യപ്പെടുത്താനും, ഒപ്പം, യുദ്ധങ്ങളാലും അന്താരാഷ്ട്രനിയമത്തിന്റെ ഗൗരവതരവും തുടർച്ചയായതുമായ ലംഘനങ്ങളാലും അടയാളപ്പെടുത്തപ്പെട്ട ഒരു ചരിത്രനിമിഷത്തിൽ, സമാധാനത്തിന്റെ ഒരു സന്ദേശമെന്ന നിലയിൽ അത് പൂർത്തിയാക്കാനും എന്നെ അനുവദിച്ച കർത്താവിന് ഞാൻ നന്ദി പറയുന്നു. എന്നെ സ്വീകരിച്ച മെത്രാന്മാർക്കും എല്ലാ അധികാരികൾക്കും, ഒപ്പം അത് ക്രമീകരിക്കാനായി സഹകരിച്ച ഏവർക്കും ഞാൻ തികച്ചും ഹൃദ്യമായ നന്ദി അറിയിക്കുന്നു.

അപ്പസ്തോലിക യാത്രയുടെ ആദ്യ പാദം, വിശുദ്ധ അഗസ്റ്റിന്റെ ഇടങ്ങൾ ഉള്ള രാജ്യം, അതായത് അൾജീരിയ ആയിരിക്കണമെന്നതായിരുന്നു ദൈവകൃപയാലുള്ള തീരുമാനം. അങ്ങനെ, ഒരു ഭാഗത്ത്, എന്റെ ആദ്ധ്യാത്മികവ്യക്തിത്വത്തിന്റെ വേരുകളിൽനിന്ന് യാത്ര ആരംഭിക്കാനും, മറുഭാഗത്ത്, ലോകത്തിനും സഭയ്ക്കും ഇന്ന് ഏറെ പ്രധാനപ്പെട്ട പാലങ്ങളിലൂടെ കടന്നുപോകാനും അവയെ ശക്തിപ്പെടുത്താനും എനിക്ക് സാധിച്ചു. സഭാപിതാക്കന്മാരുടെ വളരെ ഫലദായകമായിരുന്ന കാലവുമായുള്ളതും, ഇസ്ലാമിക ലോകവുമായുള്ളതും, ആഫ്രിക്കൻ ഭൂഖണ്ഡവുമായുള്ളതുമായ പാലങ്ങളായിരുന്നു അവ.

അൾജീരിയയിൽ എനിക്ക് ആദരപൂർവ്വവും ഹൃദ്യവുമായ സ്വാഗതമാണ് ലഭിച്ചത്. കരുണയുള്ള ഒരേ ദൈവപിതാവിന്റെ മക്കളാണ് നാമെന്ന് ബോധ്യപ്പെടുമ്പോൾ, വ്യത്യസ്ത മതങ്ങളിൽനിന്നുള്ളവരെങ്കിലും സഹോദരീസഹോദരങ്ങളെപ്പോലെ ജീവിക്കുക സാധ്യമാണെന്ന് അനുഭവിച്ചറിയാനും, ലോകത്തിന് കാണിച്ചുകൊടുക്കാനും ഞങ്ങൾക്ക് സാധിച്ചു. മാത്രവുമല്ല, വിശുദ്ധ അഗസ്റ്റിനിൽനിന്ന് പഠിക്കാനുള്ള നല്ല അവസരവുമായിരുന്നു അത്. തന്റെ ജീവിതാനുഭവങ്ങളും, കൃതികളും, അദ്ധാത്മികതയും കൊണ്ട്, ദൈവത്തിനും സത്യത്തിനും വേണ്ടിയുള്ള അന്വേഷണത്തിൽ അവൻ നമുക്ക് ഗുരുവാണ്. ഇന്ന് ക്രൈസ്തവർക്കും എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതും മുൻപില്ലാത്തവിധത്തിൽ പ്രാധാന്യമർഹിക്കുന്നതുമായ ഒരു സാക്ഷ്യമാണ് അവന്റേത്.

തുടർന്ന് ഞാൻ സന്ദർശിച്ച മൂന്ന് രാജ്യങ്ങളിലേതും ക്രൈസ്തവഭൂരിപക്ഷമുള്ള ജനതയായിരുന്നു. അതുകൊണ്ടുതന്നെ വിശ്വാസത്തിന്റെ ആഘോഷത്തിന്റെയും, ഊഷ്മളമായ സ്നേഹത്തിന്റെയും ഒരു അനുഭവത്തിലേക്കാണ് ഞാൻ പ്രവേശിച്ചത്. അതിന് ആഫ്രിക്കൻ ജനതയുടെ സ്വഭാവസവിശേഷതകളും സഹായകരമായിരുന്നു. 

എന്റെ മുൻഗാമികളെപ്പോലെ, ഗലീലിയിലെ ജനക്കൂട്ടത്തിന് മുന്നിൽ യേശുവിനുണ്ടായ അനുഭവങ്ങളാണ് ഞാനും അനുഭവിച്ചത്: അവൻ അവരെ നീതിക്കുവേണ്ടി ദാഹിക്കുകയും വിശക്കുകയും ചെയ്യുന്നവരായി കണ്ടുകൊണ്ട് ഇങ്ങനെ പ്രഘോഷിച്ചു: "ദരിദ്രർ ഭാഗ്യവാന്മാർ, ശാന്തശീലർ ഭാഗ്യവാന്മാർ, സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ..." ഒപ്പം അവരുടെ വിശ്വാസം തിരിച്ചറിഞ്ഞുകൊണ്ട് അവൻ പറഞ്ഞു: "നിങ്ങൾ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാണ്" (മത്തായി 5, 1-16).

കാമറൂണിലെ സന്ദർശനം, ഒത്തൊരുമിച്ച് അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടാനുള്ള അഭ്യർത്ഥന കൂടുതൽ ശക്തമാക്കാൻ എനിക്ക് അവസരമേകി. കാരണം നിർഭാഗ്യവശാൽ ആ രാജ്യത്തും സംഘർഷങ്ങളും അക്രമങ്ങളുമുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരുള്ള ബമെന്തയിലെത്താൻ സാധിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. അവിടെ, സമാധാനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ഏവരെയും ക്ഷണിച്ചു. കാമറൂൺ, അതിന്റെ പ്രകൃതിയുടെയും നിക്ഷേപങ്ങളുടെയും വൈവിധ്യവും സമ്പന്നതയും പരിഗണിച്ച്  "ആഫ്രിക്കയുടെ ചെറുപതിപ്പ്" എന്ന പേരിലാണ് അറിയപ്പെടുന്നത്. അതേസമയം, സമ്പത്തിന്റെ സന്തുലിതമായ വിതരണം, പ്രദേശത്ത് നിലനിൽക്കുന്ന അഴിമതിയെ അതിജീവിച്ചുകൊണ്ട് യുവജനങ്ങൾക്ക് അവസരം നൽകുന്നത്, ആധുനിക കോളനിവത്കരണത്തിന്റെ വിവിധ മുഖങ്ങളെ ദീർഘവീക്ഷണമുള്ള അന്താരാഷ്ട്രസഹകരണം കൊണ്ട് നേരിട്ട് സമഗ്രവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നത്, എന്ന് തുടങ്ങി മുഴുവൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെയും വലിയ ആവശ്യങ്ങൾ കാമറൂണിൽ നമുക്ക് കാണാൻ സാധിക്കും എന്ന അർത്ഥത്തിലും നമുക്ക്  ഈ പ്രയോഗത്തെ മനസ്സിലാക്കാം. 

ഏറെ സ്നേഹത്തോടെ എന്നെ സ്വീകരിച്ച കാമറൂണിലെ സഭയ്ക്കും മുഴുവൻ കാമറൂൺ ജനതയ്ക്കും ഞാൻ നന്ദി പറയുകയും, എന്റെ യാത്രയുടെ സമയത്ത് വെളിവാക്കപ്പെട്ട ഐക്യത്തിന്റെ ആത്മാവ് സജീവമായി നിലനിർത്തപ്പെടുന്നതിനും, അത് തിരഞ്ഞെടുപ്പുകളെയും ഭാവിയിലെ പ്രവർത്തനങ്ങളെയും നയിക്കുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

അപ്പസ്തോലികയാത്രയുടെ മൂന്നാം പാദം, ഇക്വറ്റോറിയലിന് തെക്കുള്ള വലിയ രാജ്യമായ അംഗോളയിലേക്കുള്ളതായിരുന്നു. പോർച്ചുഗീസ് കോളനിവത്കരണവുമായി ബന്ധപ്പെട്ടതും, നിരവധി നൂറ്റാണ്ടുകളുടെ ക്രൈസ്തവപരമ്പര്യമുള്ളതുമായ ഒരു നാടാണത്. മറ്റ് നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ പോലെ, സ്വാതന്ത്ര്യം നേടിയതിന് ശേഷം അംഗോളയും ഏറെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയി. അംഗോളയുടെ കാര്യത്തിൽ ഈ കാലഘട്ടം രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിന്റേതായിരുന്നു. ഈയൊരു ആഭ്യന്തരയുദ്ധമാകുന്ന ചരിത്രത്തിന്റെ മൂശയിൽ, സുവിശേഷത്തിന്റെയും, മാനവിക ഉന്നമനത്തിന്റെയും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും സേവനത്തിലേക്കും ശുശ്രൂഷയിലേക്കും പരിവർത്തനപ്പെടുത്തിക്കൊണ്ട്, ദൈവം ആ സഭയെ നയിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു. സ്വതന്ത്രരായ മനുഷ്യർക്ക് വേണ്ടി സ്വതന്ത്രമായ ഒരു സഭ! അവിടെ, "ഹൃദയത്തിന്റെ 'അമ്മ" എന്ന അർത്ഥം വരുന്ന മുഷീമ മാതാവിന്റെ പേരിലുള്ള മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ, അംഗോളയിലെ ജനത്തിന്റെ ഹൃദയം സ്പന്ദിക്കുന്നത് അറിയാൻ എനിക്ക് സാധിച്ചു. അംഗോളയിൽ നടന്ന വിവിധ കൂടിക്കാഴ്ചകളിൽ, നിരവധി സമർപ്പിതരെയും സമർപ്പിതകളെയും, അവരുടെ ജനത്തിനിടയിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവചനങ്ങളും ഞാൻ സന്തോഷപൂർവ്വം കണ്ടു. സമൂഹങ്ങളുടെ നന്മയ്ക്കായി തങ്ങളെത്തന്നെ പൂർണ്ണമായി സമർപ്പിക്കുന്ന മതാദ്ധ്യാപകരെ ഞാൻ കണ്ടു. അദ്ധ്വാനവും കഷ്ടപ്പാടുകളും പതിഞ്ഞ, എന്നാൽ സുവിശേഷത്തിന്റെ ആനന്ദത്തിലേക്ക് തുറന്ന വയോധികരുടെ മുഖങ്ങൾ ഞാൻ കണ്ടു. പ്രത്യയശാസ്ത്രങ്ങളും പ്രമുഖരായ നേതാക്കളും നൽകിയ പൊള്ളയായ വാഗ്ദാനങ്ങൾ മൂലമുള്ള നിരാശയെ ചെറുക്കുന്ന പ്രത്യാശയുടെ അടയാളമായ ഉത്ഥിതനായ കർത്താവിനുള്ള സ്തുതിഗീതങ്ങളുടെ താളത്തിനൊത്ത് സ്ത്രീകളും പുരുഷന്മാരും നൃത്തം ചെയ്യുന്നത് ഞാൻ കണ്ടു.

ഈയൊരു പ്രത്യാശ മൂർത്തമായ പ്രതിബദ്ധത ആവശ്യപ്പെടുന്നുണ്ട്. സാക്ഷ്യത്തിലൂടെയും, ദൈവവചനത്തിന്റെ സധൈര്യമുള്ള പ്രഘോഷണത്തിലൂടെയും, എല്ലാവരുടെയും അവകാശങ്ങൾ അംഗീകരിക്കാനും, അവയുടെ ഫലപ്രദമായ പാലനം പ്രോത്സാഹിപ്പിക്കാനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. ഈയൊരു സംഭാവന, പ്രത്യേകിച്ച് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ തുടർന്നും നൽകാനുള്ള കത്തോലിക്കാസഭയുടെ സന്നദ്ധത, അംഗോളയിലെയും, മറ്റ് രാജ്യങ്ങളിലെയും ഭരണാധികാരികൾക്ക് ഉറപ്പുനൽകാൻ എനിക്ക് സാധിച്ചു.

ഞാൻ അവസാനമായി സന്ദർശിച്ച രാജ്യം, സുവിശേഷവത്കരണത്തിന്റെ നൂറ്റിയെഴുപത് വർഷങ്ങൾ കഴിഞ്ഞ ഇക്വറ്റോറിയൽ ഗ്വിനിയാണ്. പാരമ്പര്യത്തിന്റെ അറിവും ക്രിസ്തുവിന്റെ വെളിച്ചവും ഉപയോഗിച്ച്, ഗ്വിനിയയിലെ ജനം അവരുടെ ചരിത്രസംഭവങ്ങളെ മറികടക്കുകയും, കഴിഞ്ഞ ദിവസങ്ങളിൽ പാപ്പായുടെ സാന്നിദ്ധ്യത്തിൽ, ഒത്തൊരുമിച്ച് പ്രത്യാശയുടെ ഭാവിയിലേക്ക് നടക്കാനുള്ള തങ്ങളുടെ ഹിതം, വലിയ ആവേശത്തോടെ പുതുക്കുകയും ചെയ്തു.

ഇക്വറ്റോറിയൽ ഗിനിയിലെ ബാത്ത ജയിലിൽ സംഭവിച്ച കാര്യങ്ങൾ എനിക്ക് മറക്കാനാകില്ല. തങ്ങളുടെ പാപങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിച്ചുകൊണ്ട്, ദൈവത്തിനും പാപ്പായ്ക്കുമുള്ള ഒരു കൃതജ്ഞതാഗീതം അവിടുത്തെ തടവുകാർ ഉച്ചസ്വരത്തിൽ ആലപിച്ചു. അതുപോലൊരു കാര്യം ഞാൻ നാളിതുവരെ കണ്ടിട്ടില്ലായിരുന്നു. പിന്നീട് എന്നോടൊപ്പം സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന കനത്ത മഴയിലും അവർ ചൊല്ലി. ദൈവരാജ്യത്തിന്റെ ഒരു യഥാർത്ഥ അടയാളമായിരുന്നു അത്. വീണ്ടും കനത്ത മഴയിലാണ്, ബാത്തയിലെ സ്റ്റേഡിയത്തിൽ വച്ച് യുവജനങ്ങളുമായുളള വലിയ സമ്മേളനം നടന്നത്. 

അത് ക്രിസ്തീയാനന്ദത്തിന്റെ വലിയൊരു ആഘോഷമായിരുന്നു. സുവിശേഷത്തിൽ, സ്വതന്ത്രവും ഉത്തരവാദിത്വപരവുമായ വളർച്ചയുടെ പാത കണ്ടെത്തിയ യുവാക്കളുടെ ഹൃദയസ്പർശിയായ സാക്ഷ്യങ്ങൾ അതിൽ ഉണ്ടായിരുന്നു. ഈയൊരു ആഘോഷം പിറ്റേന്ന് നടന്ന വിശുദ്ധ കുർബാനയർപ്പണത്തോടെയാണ് അവസാനിച്ചത്. അത് ഇക്വറ്റോറിയൽ ഗ്വിനിയിലേക്കുൾപ്പെടെയുള്ള മുഴുവൻ അപ്പസ്തോലികയാത്രയ്ക്കും ഉചിതമായ രീതിയിൽ മകുടം ചാർത്തുന്ന ഒന്നായിരുന്നു.

പ്രിയ സഹോദരീസഹോദരന്മാരെ, ആഫ്രിക്കൻ ജനതകൾക്ക് പാപ്പായുടെ സന്ദർശനം, അവരുടെ സ്വരം ഉയർത്താനും, ദൈവജനമായിരിക്കുന്നതിലുള്ള ആനന്ദവും ഏവരുടെയും അന്തസ്സുറപ്പാക്കുന്ന മെച്ചപ്പെട്ട ഒരു ഭാവിയിലുള്ള പ്രത്യാശയും പ്രകടിപ്പിക്കാനും ഉള്ള അവസരമാണ്. 

അവർക്ക് ഇത്തരമൊരു അവസരം നൽകാനായതിൽ ഞാൻ സന്തുഷ്ടനാണ്. അതേസമയം, അവർ എനിക്ക് നല്കിയവയ്ക്ക്, എന്റെ ഹൃദയത്തിനും ശുശ്രൂഷാനിയോഗത്തിനുമുള്ള വിലമതിക്കാനാകാത്ത സമ്പത്തിന് ഞാൻ കർത്താവിന് നന്ദി പറയുന്നു.

ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു.

Tags

Share this story

From Around the Web