യുഎസ് പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന ആദ്യ പോപ്പായി ലിയോ മാര്‍പാപ്പ,  തന്റെ ജന്മനാടായ ചിക്കാഗോയില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തി
 

 
LEO PAPA


 
    
 
ചിക്കാഗോ: അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന ആദ്യ പോപ്പായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തന്റെ ജന്മനാടായ ചിക്കാഗോയില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തി. നവംബര്‍ 3-ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍പാപ്പ തപാല്‍ വോട്ട് ചെയ്തതായി വെള്ളിയാഴ്ച വത്തിക്കാന്‍ സ്ഥിരീകരിച്ചു.


'ഒരു അമേരിക്കന്‍ പൗരനെന്ന നിലയില്‍ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്. വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടായിരുന്ന സമയത്തെല്ലാം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനുള്ള പൗരന്മാരുടെ അവകാശത്തിലും ഉത്തരവാദിത്തത്തിലും പിതാവ് വിശ്വസിക്കുന്നു'' വത്തിക്കാന്റെ പ്രസ് ഓഫീസ് വ്യക്തമാക്കുന്നു.


ഏത് സ്ഥാനാര്‍ഥിക്കാണ് ലിയോ പതിനാലാമന്‍ വോട്ട് ചെയ്തതെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടില്ല. മാര്‍പാപ്പയുടെ വോട്ടിനെക്കുറിച്ച് പ്രതികരിച്ച യുഎസ് കത്തോലിക്കാ ബിഷപ്പുമാരുടെ സമിതി രാഷ്ട്രീയത്തേക്കാള്‍ ഉപരിയായി വിശ്വാസത്തിന് മുന്‍ഗണന നല്‍കാനും മനുഷ്യന്റെ അന്തസ്സും പൊതുനന്മയും സംരക്ഷിക്കാനും കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

'വോട്ട് രേഖപ്പെടുത്തുന്നതിലൂടെ, ഓരോ പൗരനും തങ്ങളുടെ പൗരത്വപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പ്രചോദനമേകുന്ന മാതൃകയാണ് പരിശുദ്ധ പിതാവ് കാട്ടിത്തരുന്നത്,' എന്ന് സമിതിയുടെ പബ്ലിക് അഫയേഴ്സ് ഡയറക്ടര്‍ ചിയേക്കോ നൊഗുച്ചി പറഞ്ഞു. യുഎസ് പൗരന്‍ എന്നതിന് പുറമെ, 20 വര്‍ഷത്തിലേറെ വൈദികനായും ബിഷപ്പായും സേവനമനുഷ്ഠിച്ച പെറുവിന്റെയും രാഷ്ട്രത്ത തലവനായി പ്രവര്‍ത്തിക്കുന്ന വത്തിക്കാന്റെയും പൗരത്വം ലിയോ മാര്‍പാപ്പയ്ക്കുണ്ട്.

വിദേശ രാജ്യങ്ങളുടെ ഭരണാധികാരികളായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താന്‍ യുഎസ് ഫെഡറല്‍ നിയമം അനുമതി നല്‍കുന്നുണ്ട്. വിദേശ സര്‍ക്കാരുകളില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് അവരുടെ പൗരത്വം സ്വയമേവ നഷ്ടപ്പെടില്ലെങ്കിലും, വിദേശ രാഷ്ട്രത്തലവന്‍, വിദേശ ഗവണ്‍മെന്റ് തലവന്‍ അല്ലെങ്കില്‍ വിദേശകാര്യ മന്ത്രി എന്നീ പദവികള്‍ വഹിക്കുന്ന അമേരിക്കക്കാരുടെ പൗരത്വ പദവി സജീവമായി പരിശോധിക്കാന്‍ സാധ്യതയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.
 

Tags

Share this story

From Around the Web