ഫ്രാന്‍സിലേക്കുള്ള അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ലെയോ പാപ്പ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ പുണ്യസങ്കേതം സന്ദര്‍ശിക്കും 

 
papa



വത്തിക്കാന്‍സിറ്റി:സെപ്റ്റംബറില്‍ ഫ്രാന്‍സിലേക്കുള്ള അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ലെയോ പതിനാലാമന്‍ പാപ്പ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ പുണ്യസങ്കേതം സന്ദര്‍ശിക്കും. 

വിശുദ്ധ ബെര്‍ണദത്തയ്ക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട ഈ പുണ്യഭൂമിയെ സംബന്ധിച്ചിടത്തോളം ഇത് സമാനതകളില്ലാത്ത വലിയൊരു ഭാഗ്യമാണ്.

കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്താപത്രികകളിലൂടെ തീര്‍ഥാടനാലയം അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍പാപ്പയെ കാണാനെത്തുന്ന ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്കും മികച്ച സ്വീകരണം ഉറപ്പാക്കുന്നതിനായി തീര്‍ഥാടനാലയത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്ക് അധികൃതര്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.


സെപ്റ്റംബര്‍ 27 ഞായറാഴ്ച നടക്കുന്ന ദിവ്യബലിയില്‍ 400 പേര്‍ക്ക് ഇരിക്കാവുന്ന വേദിയും, തീര്‍ഥാടനാലയത്തിലെ പുല്‍തകിടിക്ക് അനുയോജ്യമായ ശബ്ദസംവിധാനവും, 10 കൂറ്റന്‍ സ്‌ക്രീനുകളും പ്രത്യേക ദിശാസൂചകങ്ങളും ക്രമീകരിക്കും. കൂടാതെ, തീര്‍ഥാടന വഴികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രോഗികള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ യാത്ര സുഗമമാക്കുന്നതിനുമുള്ള നടപടികളും കൂടുതല്‍ ശക്തിപ്പെടുത്തുന്നുണ്ട്. ഇത് പുണ്യസങ്കേതത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്താനാണ് തീരുമാനം.

ഈ മാറ്റങ്ങളില്‍ ഭൂരിഭാഗവും തീര്‍ഥാടകരുടെ പ്രയോജനത്തിനായി പുണ്യസങ്കേതത്തില്‍ നിലനിര്‍ത്തുമെന്നതിനാല്‍, ലഭിക്കുന്ന എല്ലാ സംഭാവനകളും ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കരുതുന്നത്. മൊത്തത്തില്‍, 10 കിലോമീറ്ററിലധികം സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുക, അറുനൂറോളം സന്നദ്ധപ്രവര്‍ത്തകരെ സജ്ജരാക്കുക, അയ്യായിരത്തോളം വൈദികര്‍ക്ക് താമസസൗകര്യമൊരുക്കുക, ആയിരം താത്കാലിക പൊതുശൗചാലയങ്ങള്‍ നിര്‍മ്മിക്കുക, മെച്ചപ്പെടുത്തിയ ശുചീകരണ-മാലിന്യസംസ്‌കരണ സംവിധാനം വികസിപ്പിക്കുക എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി.

ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി രജിസ്‌ട്രേഷന്‍ ഫോമുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെങ്കിലും അത് ചെയ്യുന്നത് നന്നായിരിക്കുമെന്ന് സംഘാടകര്‍ നിര്‍ദേശിക്കുന്നു. അതേസമയം, രജിസ്റ്റര്‍ ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് ഗതാഗത മാര്‍ഗങ്ങള്‍, നിര്‍ദേശിക്കപ്പെട്ട വഴികള്‍, പ്രബോധന സ്ഥലത്തേക്കുള്ള പ്രവേശന വിവരങ്ങള്‍ എന്നിവ ഇമെയില്‍ വഴി ലഭിക്കുന്നതാണ്.

Tags

Share this story

From Around the Web