ഉക്രൈനിലെ റഷ്യന്‍ ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ലെയോ പാപ്പ; സമാധാനത്തിനായി വീണ്ടും ആഹ്വാനം
ഉക്രൈനിലെ വിവിധ നഗരങ്ങള്‍ക്കും ജനവാസ മേഖലകള്‍ക്കും നേരെ റഷ്യ നടത്തുന്ന ശക്തമായ ആക്രമണങ്ങളില്‍ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി ലെയോ പതിനാലാമന്‍ മാര്‍പാപ്പ. നിരപരാധികളായ ജനങ്ങളുടെ ജീവനെടുക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സമാധാന ചര്‍ച്ചകളുടെ പാതയിലേക്ക് തിരിച്ചുവരണമെന്നും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പാപ്പ ആവശ്യപ്പെട്ടു.
ഉക്രൈനിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നഗരങ്ങള്‍ക്കും നേരെ നടന്ന ആക്രമണങ്ങളുടെ വാര്‍ത്തകള്‍ അതീവ വേദനയോടെയാണ് താന്‍ ശ്രവിച്ചതെന്ന് ഞായറാഴ്ചത്തെ ആഞ്ചലൂസ് പ്രാര്‍ഥനയ്ക്കിടെ മാര്‍പാപ്പ പറഞ്ഞു. വര്‍ഷങ്ങളായി ഭയത്തിലും ആശങ്കയിലും കഴിയുന്ന ജനങ്ങളുടെ ദുരിതത്തില്‍ തന്റെ മനസ്സ് നീറുന്നുണ്ടെന്നും അവിടത്തെ ജനങ്ങളോടുള്ള ആത്മീയ അടുപ്പം വാഗ്ദാനം ചെയ്യുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
''അക്രമങ്ങളും വിനാശകരമായ ആക്രമണങ്ങളും ഉടന്‍ അവസാനിപ്പിക്കണം. ചര്‍ച്ചകള്‍ക്കും നയതന്ത്രനീക്കങ്ങള്‍ക്കുമായി ഹൃദയങ്ങള്‍ തുറക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു,'' മാര്‍പാപ്പ പറഞ്ഞു. തടസ്സപ്പെട്ടു കിടക്കുന്ന സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഫലം കാണുമെന്നും നയതന്ത്രപരമായ പരിഹാരങ്ങള്‍ക്ക് വഴിതുറക്കുമെന്നും പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും സമാധാനവും സൗഹാര്‍ദവും പുനഃസ്ഥാപിക്കപ്പെടാന്‍ പ്രാര്‍ഥിക്കണമെന്നും മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
അടുത്തിടെ ഉക്രൈനിലെ ജനവാസ മേഖലകളെ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങളില്‍ നിരവധി സിവിലിയന്മാര്‍ കൊല്ലപ്പെടുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ ഈ പ്രതികരണം.