ജനസംഖ്യാ തകർച്ചയെയും സാമൂഹിക പ്രതിസന്ധിയെയും കുറിച്ച് ആശങ്ക പങ്കുവച്ച് ലെയോ പാപ്പ
യൂറോപ്പിലെയും ആഗോളതലത്തിലെയും ജനനനിരക്കിലെ വലിയ കുറവും അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രതിസന്ധികളും ചൂണ്ടിക്കാട്ടി ലെയോ പതിനാലാമൻ പാപ്പ. മെയ് 25 തിങ്കളാഴ്ച വത്തിക്കാനിൽ യൂറോപ്യൻ പാർലമെന്റിന്റെ ഡെമോഗ്രഫി ഇന്റർഗ്രൂപ്പ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലെയോ പാപ്പ തന്റെ ആശങ്കകൾ പങ്കുവച്ചത്.
യൂറോപ്യൻ രാജ്യങ്ങളിലെ ജനസംഖ്യാ തകർച്ചയെ കേവലം കണക്കുകളായല്ല മറിച്ച് മാതൃത്വവും പിതൃത്വവും കുട്ടികളുമായി ബന്ധപ്പെട്ട അടിയന്തിര സാമൂഹിക – ആത്മീയ പ്രതിസന്ധിയായാണ് മാർപാപ്പ വിശേഷിപ്പിച്ചത്. ജനനനിരക്ക് കുത്തനെ ഇടിയുന്നത് യൂറോപ്പിൽ കടുത്ത ‘ഏകാന്തതയുടെ മഹാമാരിക്ക്’ കാരണമാകുന്നുവെന്ന് പാപ്പ മുന്നറിയിപ്പ് നൽകി.
അമേരിക്കയിലെ അവസ്ഥ
അമേരിക്കയിൽ 2024- ൽ രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ്. ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.1 നിരക്കിനേക്കാൾ വളരെ താഴെയാണിത്. കുടുംബ സൗഹൃദമെന്ന് അവകാശപ്പെടുന്ന പല സർക്കാർ നയങ്ങളും യഥാർഥത്തിൽ ഗർഭച്ഛിദ്രത്തെ ഒരു അവകാശമായി ഉയർത്തിക്കാട്ടുകയും മാതൃത്വത്തോട് വിവേചനം കാണിക്കുകയും ചെയ്യുന്നുവെന്ന് പാപ്പ വെളിപ്പെടുത്തി.
യൂറോപ്പിന്റെ ക്രിസ്തീയ വേരുകളിൽ നിന്നുള്ള അകൽച്ചയാണ് ഈ വന്ധ്യതയ്ക്ക് പിന്നിലെന്നും ഇത് യുവാക്കൾക്ക് ഉജ്ജ്വലമായ ഒരു ഭാവി നൽകുന്നതിൽ സമൂഹത്തിന് പറ്റിയ വീഴ്ചയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
പരിഹാരവും പുതിയ പ്രതീക്ഷയും
അമിതമായ ഭരണകൂട ഇടപെടലുകൾക്കും വ്യക്തികേന്ദ്രീകൃത ചിന്താഗതികൾക്കും എതിരെ പാപ്പ മുന്നറിയിപ്പ് നൽകി. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിലധിഷ്ഠിതമായ കുടുംബങ്ങളാണ് സാമൂഹിക ജീവിതത്തിന്റെ ആദ്യ പാഠശാലയെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. പ്രായമായവരും യുവാക്കളും തമ്മിലുള്ള ശക്തമായ ആത്മബന്ധത്തിലൂടെയും മൂല്യങ്ങളുടെ കൈമാറ്റത്തിലൂടെയും മാത്രമേ ഈ ‘ജനസംഖ്യാ പ്രതിസന്ധി’ മറികടക്കാൻ സാധിക്കൂ.
യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ടാ മെറ്റ്സോളയുടെ ക്ഷണം സ്വീകരിച്ച് ഫ്രാൻസിലെ സ്ട്രാസ്ബർഗ് പാർലമെന്റ് സന്ദർശിക്കാൻ ലെയോ പതിനാലാമൻ ഒരുങ്ങുന്നതായും സൂചനകളുണ്ട്. മുൻപ് ജോൺ പോൾ രണ്ടാമൻ (1988), ഫ്രാൻസിസ് മാർപാപ്പ (2014) എന്നിവരാണ് ഈ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിട്ടുള്ളത്.