പുതിയ മെത്രാപ്പോലീത്തമാരെ 'പാലിയം' ധരിപ്പിച്ച് ലെയോ പാപ്പ

 
Leo papa


വത്തിക്കാന്‍ സിറ്റി: വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനമായ ഇന്ന് ലെയോ പതിനാലാമന്‍ പാപ്പ പുതിയ മെത്രാപ്പോലീത്തമാര്‍ക്ക് 'പാലിയം' സമ്മാനിച്ചു.

 പ്രഥമ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ പരമാധികാരത്തില്‍ സഭയിലെ പുതിയ മെത്രാപ്പോലീത്തമാരുടെ പങ്കുചേരലും സഭാതലവനായ പാപ്പയോടുള്ള വിധേയത്വവുമാണ് 'പാലിയം' അണിയിക്കലിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെട്ടത്. 

കൊല്‍ക്കത്തയിലെ ആര്‍ച്ച് ബിഷപ്പ് ഏലിയാസ് ഫ്രാങ്കും മധുരയിലെ ആര്‍ച്ച് ബിഷപ്പ് ആന്റണിസാമി സവരിമുത്തുവും ഉള്‍പ്പെടെയുള്ളവരെയാണ് പാപ്പ പാലിയം ധരിപ്പിച്ചത്.

പാപ്പയുമായുള്ള കൂട്ടായ്മയുടെയും അജപാലന ശുശ്രൂഷയുടെയും അധികാര ഉത്തരവാദിത്വങ്ങളുടെയും സമാധാനവും ഐക്യവും ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിബദ്ധതയുടെയും അടയാളമായി ധരിക്കുന്നതും ഇരുതോളുകളിലുടെ കഴുത്തുചുറ്റി നെഞ്ചിന്റെ മദ്ധ്യത്തിലൂടെ മുന്നോട്ടും പിന്നോട്ടും നീണ്ടുകിടക്കുന്നതും കുരിശുകളുള്ളതും ആട്ടിന്‍രോമത്താല്‍ നിര്‍മ്മിതവുമാണ് പാലിയം.


 മെത്രാപ്പോലീത്തമാര്‍ക്ക് തങ്ങളുടെ സഭാധികാര പരിധിയിലുള്ള മറ്റു സാമന്ത രൂപതകളുടെ മേലുള്ള അധികാരത്തിന്റെ അടയാളം കൂടിയാണ് പാലിയം.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ തന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സാഘോഷമായ തിരുന്നാള്‍ക്കുര്‍ബാനയോട് അനുബന്ധിച്ചാണ് പാലിയം കൈമാറ്റം നടന്നത്. വിശ്വാസികള്‍ക്ക് വേണ്ടി സ്വന്തം സമയവും ഊര്‍ജ്ജവും ബലിനല്‍കാന്‍ ഇടയന്മാര്‍ തയ്യാറാകണമെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു. പത്രോസ് ശ്ലീഹായുടെ 'താക്കോലുകള്‍' എന്ന പ്രതീകത്തെ ഐക്യത്തിന്റെ അടയാളമായി പാപ്പ വിശേഷിപ്പിച്ചു.

ഒരു താക്കോല്‍ വാതിലുകള്‍ തകര്‍ക്കാനല്ല, മറിച്ച് അവ തുറക്കാനും തടസ്സങ്ങള്‍ നീക്കി ഒറ്റപ്പെട്ട മുറികളെ ഒരു വലിയ വീടാക്കി മാറ്റാനുമാണ് ഉപയോഗിക്കുന്നത്. 


അതുപോലെ, സഭയിലെ കൂട്ടായ്മ എന്നത് സ്വന്തം നിലപാടുകളില്‍ കടുംപിടുത്തം പിടിച്ചല്ല, മറിച്ച് , എല്ലാവരുടെയും ഹൃദയങ്ങളില്‍ സത്യത്തിന്റെ സംഗമസ്ഥാനങ്ങള്‍ കണ്ടെത്തിക്കൊണ്ടും, സത്യത്തിന്റെ പ്രകാശത്തില്‍ പരസ്പര വളര്‍ച്ചയ്ക്കുള്ള ഉപകരണങ്ങളായി മാറിക്കൊണ്ടുമാണ് നിര്‍മ്മിക്കേണ്ടതെന്നു പാപ്പ പറഞ്ഞു.

Tags

Share this story

From Around the Web