ലെയോ പാപ്പ സ്പെയിൻ സന്ദർശനത്തിനിടെ നടത്തുന്നത് 22 പ്രസംഗങ്ങൾ; ഉപയോഗിക്കുന്നത് മൂന്നോളം ഭാഷകൾ

 
Papa

ലെയോ പതിനാലാമൻ മാർപാപ്പയുടെ നാലാമത് അന്താരാഷ്ട്ര അപ്പസ്തോലിക പര്യടനം ജൂൺ ആറ് മുതൽ 12 വരെ സ്പെയിനിൽ നടക്കും. സന്ദർശനത്തിനിടെ മാർപാപ്പ നടത്തുന്ന 22 പ്രസംഗങ്ങൾ പ്രധാനമായും സ്പാനിഷ് ഭാഷയിലായിരിക്കും. എന്നാൽ ഇതിനൊപ്പം ഫ്രഞ്ച്, കറ്റാലൻ ഭാഷകളും പാപ്പ ഉപയോഗിക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തിയോ ബ്രൂണി അറിയിച്ചു.

​അതേസമയം ബാഴ്സലോണയിലെ സാഗ്രദ ഫാമിലിയ ബസിലിക്കയിലെ ‘ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്’ ഉദ്ഘാടന ചടങ്ങിൽ മാർപാപ്പ സ്പാനിഷ് ഭാഷയിലാണ് സംസാരിക്കുന്നത്. ചടങ്ങുകളിൽ പ്രാദേശിക ഭാഷയായ കറ്റാലന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് അസംബ്ലി നാഷണൽ കാറ്റലാന ഉൾപ്പെടെയുള്ള സംഘടനകൾ മാർപാപ്പയ്ക്ക് കത്തയച്ചു. എന്നാൽ ഉദ്ഘാടന ചടങ്ങിലെ ആശംസകളും ചില പ്രാർഥനകളും കറ്റാലൻ ഭാഷയിലായിരിക്കുമെന്ന് വത്തിക്കാൻ വ്യക്തമാക്കി.


സന്ദർശന വേളയിൽ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി മാർപാപ്പ മൂന്ന് തവണ കൂടിക്കാഴ്ച നടത്തും. മാഡ്രിഡ് എയർപോർട്ടിൽ സ്പെയിൻ രാജാവും രാജ്ഞിയും ചേർന്ന് പാപ്പയെ സ്വീകരിക്കും. കൂടാതെ മാഡ്രിഡ് കമ്മ്യൂണിറ്റി പ്രസിഡന്റ് ഇസബെൽ ഡിയാസ് ആയുസോ, ബാഴ്സലോണ ജനറലിറ്റാറ്റ് പ്രസിഡന്റ് സാൽവഡോർ ഇല്ല എന്നിവരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.

മാഡ്രിഡ് മേയറിൽ നിന്ന് നഗരത്തിന്റെ ആദരസൂചകമായ ‘സുവർണ്ണ താക്കോലും’ പാപ്പ ഏറ്റുവാങ്ങും. ​ദരിദ്രരുടെയും കുടിയേറ്റക്കാരുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്ന ഈ സന്ദർശനത്തിൽ വത്തിക്കാനിലെ പ്രമുഖ കർദിനാൾമാരും മാർപാപ്പയെ അനുഗമിക്കുന്നുണ്ട്.

Tags

Share this story

From Around the Web