അമേരിക്കയ്ക്ക് 250-ാം സ്വാതന്ത്ര്യദിന വാർഷിക ആശംസകൾ നേർന്ന് ലെയോ പാപ്പ

 
leo papa

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് അമേരിക്കൻ ജനതയ്ക്കായി എഴുതിയ തുറന്ന കത്തിൽ, അമേരിക്കയുടെ വളർച്ചയ്ക്ക് കത്തോലിക്കരും കുടിയേറ്റക്കാരും നൽകിയ സംഭാവനകളെ പ്രശംസിച്ച് ലെയോ പതിനാലാമൻ പാപ്പ. 1776 ജൂലൈ നാലിനാണ് അമേരിക്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്.

ജൂൺ 25-ലെ തീയതി രേഖപ്പെടുത്തിയതും, ജൂലൈ മൂന്നിന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് (USCCB) പ്രസിദ്ധീകരിച്ചതുമായ ഈ കത്തിൽ മതസ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നീ തത്വങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതേസമയം ഏറ്റവും വിലയേറിയ തത്വങ്ങളിൽ ഒന്നാണ് ‘മതസ്വാതന്ത്ര്യം’ എന്നും മാർപാപ്പ കത്തിലൂടെ വിശേഷിപ്പിച്ചു. ഈ സ്വാതന്ത്ര്യമാണ് അമേരിക്കയിൽ കത്തോലിക്കാ സഭയ്ക്ക് അഭിവൃദ്ധി പ്രാപിക്കാനും വിദ്യാഭ്യാസം, പാവപ്പെട്ടവർക്കുള്ള മുൻഗണനാ പരിചരണം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സാമൂഹിക സേവനങ്ങൾ ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ രാജ്യത്തെ സേവിക്കാനും അവസരമൊരുക്കിയതെന്നും പാപ്പ കൂട്ടിച്ചേർത്തു.

എല്ലാ മനുഷ്യജീവിതത്തിനും ദൈവം നൽകുന്ന അന്തസ്സ് രാജ്യത്തിന്റെ ചരിത്രത്തിൽ എത്രത്തോളം പ്രധാനമാണെന്ന് എടുത്തുപറഞ്ഞ പാപ്പ, ഈ അന്തസ്സ് തിരിച്ചറിയുക എന്നതിനർഥം ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ മനുഷ്യജീവനെ സംരക്ഷിക്കുകയാണെന്നും അശരണരും ദുരിതമനുഭവിക്കുന്നവരും വിസ്മരിക്കപ്പെട്ടവരുമായ ആളുകളെ പരിചരിക്കുകയാണെന്നും കത്തിൽ എഴുതി.

രാജ്യത്തിന്റെ രക്ഷാധികാരിയായ അമലോദ്ഭവ മാതാവ് തുടർന്നും അമേരിക്കയെ കാത്തുസൂക്ഷിക്കാനും അതിൽ ജീവിക്കുന്ന എല്ലാവരെയും സംരക്ഷിക്കാനും പ്രാർഥിച്ചുകൊണ്ടാണ് അമേരിക്കൻ ജനതയ്ക്കുള്ള മാർപാപ്പയുടെ കത്ത് അവസാനിക്കുന്നത്.

Tags

Share this story

From Around the Web